അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈനിക വിന്യാസം നടത്തുന്നു; അതീവ ജാഗ്രത

ന്യൂഡല്‍ഹി: തെക്കന്‍ അതിര്ത്തി പ്രദേശത്ത് പാകിസ്ഥാന് വലിയ സൈനിക വിന്യാസം നടത്തുന്നതായി റിപ്പോര്ട്ട്. പാകിസ്ഥാന് വ്യോമസേനയുടെ ഫൈറ്റര് ജെറ്റുകള് ഉള്പ്പെടെ തെക്കന് മേഖലയില് നിലയുറപ്പിച്ച് കഴിഞ്ഞതായി ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. അതേസമയം ഇന്ത്യ ആക്രമിക്കുമെന്ന് വിവരം ലഭിച്ചതിനെ തുടര്ന്നാണ് പാകിസ്ഥാന് സൈനിക വിന്യാസം നടത്തുന്നതെന്നാണ് സൂചന. അതിര്ത്തിയില് ഇന്ത്യ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പുല്‍വാമ ആക്രണമത്തിന് നേതൃത്വം നല്‍കിയ ജെയ്‌ഷെ മുഹമ്മദിനെതിരെ സൈന്യം കര്‍ശന നടപടികള്‍ ആരംഭിച്ചതിന് ശേഷം വീണ്ടും ചാവേര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടാകുമെന്ന് രഹസ്വാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയിലും ജമ്മു കാശ്മീരിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് സുരക്ഷാ സേന അറിയിച്ചിട്ടുണ്ട്. ജെയ്ഷെ മുഹമ്മദ് ഉള്‍പ്പെടെയുള്ള 4 ഓളം ഭീകരസംഘടനകള്‍ കാശ്മീരില്‍ ആക്രമണം നടത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
പുല്‍വാമ ചാവേര്‍ സ്ഫോടനത്തിന്റെ സൂത്രധാരനടക്കം 18 തീവ്രവാദികളെ വധിച്ചതായി സൈന്യം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൊല്ലപ്പെട്ട 18 പേരില്‍ 8 തീവ്രവാദികള്‍ പാക് സ്വദേശികളാണെന്നും ആറ് പേര്‍ ജെയ്ഷെ മുഹമ്മദ് ഭീകരരാണെന്നും സേന അറിയിച്ചു. പുല്‍വാമയിലെ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് ചുക്കാന്‍ പിടിച്ച മുദസര്‍ അഹമ്മദിനെയാണ് സൈന്യം വധിച്ചത്. ചാവേറിന് ആവശ്യമായ വാഹനവും സ്‌ഫോടക വസ്തുക്കളും എത്തിച്ചത് മുദസറാണെന്ന് നേരത്തെ സൈന്യം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.