കേരളത്തിൽ ഏപ്രിൽ 26ന് വോട്ടെടുപ്പ്; ആകെ ഏഴുഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ്

വോട്ടെണ്ണൽ ജൂൺ 4ന്

 
 | 
VOTE
 

രാജ്യത്തെ പൊതുതെരഞ്ഞെടുപ്പ്  ഏഴ് ഘട്ടങ്ങളിലായി നടക്കും. ഏപ്രില്‍ 19 ന് ആരംഭിച്ച് ജൂണ്‍ ഒന്നു വരെയാണ്   543 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാർ അറിയിച്ചു. ജൂണ്‍ നാലിന് ആണ് വോട്ടെണ്ണല്‍. 

കേരളത്തിൽ ഒറ്റ ഘട്ടമായി ഏപ്രില്‍ 26 ന് ആണ് വോട്ടെടുപ്പ്. ഏപ്രില്‍ 19 ന് ആണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടം ഏപ്രില്‍ 24 ന് നടക്കും. മേയ് ഏഴിനാണ് മൂന്നാംഘട്ടം. മേയ് 13 ന് നാലാം ഘട്ടവും മേയ് 20 ന് അഞ്ചാം ഘട്ടവും നടക്കും. മേയ് 26 ന് ആണ് ആറാം ഘട്ടം. ജൂണ്‍ ഒന്നിന് ഏഴാം ഘട്ടത്തോടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം, കശ്മീര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. കഴിഞ്ഞ തവണയും ഏഴ് ഘട്ടങ്ങളിലായിട്ടായിരുന്നു വോട്ടെടുപ്പ്.

ഇത്തവണ ആകെ 96.88 കോടി വോട്ടര്‍മാരാണ് 2024 ല്‍ വോട്ടുചെയ്യുക. ഇതില്‍ പുരുഷ വോട്ടര്‍മാരുടെ എണ്ണം 49.72 കോടിയാണ്. 47.15 കോടി സ്ത്രീവോട്ടര്‍മാരുമുണ്ട്. 48044 ട്രാന്‍സ്ജന്‍ഡേഴ്‌സ് വോട്ടര്‍മാരും 1.82 കോടി കന്നിവോട്ടര്‍മാരും ഇത്തവണ വോട്ടുചെയ്യാനെത്തുമെന്നാണ് കണക്ക് കൂട്ടുന്നത്. 19.74 കോടിയാണ് യുവ വോട്ടര്‍മാരുടെ എണ്ണം. ഭിന്നശേഷി വോട്ടര്‍മാരായി 88.35 ലക്ഷം പേരുണ്ട്. എണ്‍പത് വയസ്സ് കഴിഞ്ഞ വോട്ടര്‍മാര്‍ 1.85 കോടിയാണ്. നൂറ് വയസ്സ് കഴിഞ്ഞവരായി 238791 പേരുമുണ്ട്. തിരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജമാണ് രാജ്യമെന്നും 10.05 ലക്ഷം പോളിങ് സ്‌റ്റേഷനുകളും ഒന്നരക്കോടി പോളിങ് ഉദ്യോഗസ്ഥരും ഒരുങ്ങിക്കഴിഞ്ഞുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.