അമേരിക്കന്‍ ഭീഷണിക്ക് ഇന്ത്യ വഴങ്ങുന്നു? ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കാന്‍ നീക്കം

ഇറാനില് നിന്ന് ക്രൂഡ് ഓയില് വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന അമേരിക്കന് ഭീഷണിക്ക് ഇന്ത്യ വഴങ്ങുന്നതായി സൂചന. ഇറാനില് നിന്നുള്ള ഇന്ധന ഇറക്കുമതി കുറയ്ക്കാന് കേന്ദ്രം തയ്യാറെടുക്കുന്നതായി റിഫൈനറി വ്യവസായ മേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങള് വെളിപ്പെടുത്തിയതായി എന്ഡിടിവി റിപ്പോര്ട്ട് ചെയ്യുന്നു. നവംബര് മുതല് ഇറാനില് നിന്നുള്ള ഇറക്കുമതിയില് കുറവുണ്ടാകാനോ പൂര്ണ്ണമായി നിലക്കാനോ സാധ്യതയുള്ളതിനാല് അതിനുള്ള തയ്യാറെടുപ്പുകള് നടത്തണമെന്ന് റിഫൈനിംഗ് മേഖലയിലുള്ളവര്ക്ക് എണ്ണ-പ്രകൃതിവാതക മന്ത്രാലയം ആവശ്യപ്പെട്ടതായാണ് വിവരം.
 | 

അമേരിക്കന്‍ ഭീഷണിക്ക് ഇന്ത്യ വഴങ്ങുന്നു? ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കാന്‍ നീക്കം

ന്യൂഡല്‍ഹി: ഇറാനില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന അമേരിക്കന്‍ ഭീഷണിക്ക് ഇന്ത്യ വഴങ്ങുന്നതായി സൂചന. ഇറാനില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി കുറയ്ക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നതായി റിഫൈനറി വ്യവസായ മേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ മുതല്‍ ഇറാനില്‍ നിന്നുള്ള ഇറക്കുമതിയില്‍ കുറവുണ്ടാകാനോ പൂര്‍ണ്ണമായി നിലക്കാനോ സാധ്യതയുള്ളതിനാല്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് റിഫൈനിംഗ് മേഖലയിലുള്ളവര്‍ക്ക് എണ്ണ-പ്രകൃതിവാതക മന്ത്രാലയം ആവശ്യപ്പെട്ടതായാണ് വിവരം.

വ്യാഴാഴ്ച ചേര്‍ന്ന റിഫൈനര്‍മാരുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രാലയം ഇറാന്‍ എണ്ണയ്ക്ക് പകരം മറ്റു മാര്‍ഗ്ഗങ്ങള്‍ തേടണമെന്ന മുന്നറിയിപ്പ് നല്‍കിയത്. ഇറാനുമായുള്ള വ്യാപാര ബന്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന അമേരിക്കന്‍ ശാസനയ്ക്ക് ഇന്ത്യ വഴങ്ങുന്നുവെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. അമേരിക്ക ഇറാനെതിരെ ഏകപക്ഷീയമായി ഏര്‍പ്പെടുത്തിയ വിലക്കുകള്‍ അംഗീകരിക്കുന്നില്ലെന്നും ഐക്യരാഷ്ട്രസഭയുടെ വിലക്കുകള്‍ മാത്രമാണ് മുഖവിലക്കെടുക്കുന്നതുമാണ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ചൈനക്ക് ശേഷം ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യക്ക് അമേരിക്കയുടെ നിലപാടിനൊപ്പം നില്‍ക്കേണ്ടി വരുമെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.

നേരത്തേ ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്ന ഘട്ടത്തില്‍ ഇന്ത്യ ഇറാനില്‍ നിന്ന് ഇന്ധന ഇറക്കുമതി തുടര്‍ന്നിരുന്നു. എന്നാല്‍ അമേരിക്കയുടെയും യൂറോപ്പിന്റെയും വിലക്കുകള്‍ മറികടന്നുള്ള ഇറക്കുമതിയില്‍ ഒട്ടേറെ ബുദ്ധിമുട്ടുകളും നേരിട്ടിരുന്നു. ഇപ്പോള്‍ സാഹചര്യങ്ങള്‍ക്ക് മാറ്റമുണ്ട്. ഇന്ത്യ, ചൈന, യൂറോപ്പ് എന്നിവര്‍ ഒരു വശത്തും അമേരിക്ക മറ്റൊരു വശത്തും നില്‍ക്കുമ്പോള്‍ എന്തു തീരുമാനത്തിലെത്തിച്ചേരണമെന്ന കാര്യത്തില്‍ ഇന്ത്യക്ക് ആശയക്കുഴപ്പമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ഇറാനെതിരായ ഉപരോധം ഇന്ത്യക്കും ചൈനക്കും ബാധകമാണെന്നും എണ്ണ ഇറക്കുമതി നടത്തുന്ന രാജ്യങ്ങള്‍ ഇപ്പോള്‍ മുതല്‍ അത് കുറച്ചുകൊണ്ടു വരുകയും നവംബര്‍ നാലോടു കൂടി പൂര്‍ണമായും നിര്‍ത്തണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഇക്കാര്യം ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ സ്ഥാനപതി നിക്കി ഹാലി നരേന്ദ്ര മോഡിയെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.