മിഗ് വിമാനം തകര്‍ന്നുവെന്ന് സ്ഥിരീകരിച്ച് ഇന്ത്യ; പൈലറ്റിനെ കാണാതായി! പൈലറ്റ് പിടിയിലെന്ന് പാകിസ്ഥാന്‍

ന്യൂഡല്‍ഹി: പ്രത്യാക്രമണത്തില്‍ ഒരു മിഗ് വിമാനം നഷ്ടമായെന്ന് ഇന്ത്യ. വിദേശകാര്യ മന്ത്രാലയം വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യന് അതിര്ത്തി കടന്ന പാക് എഫ് 16 വിമാനങ്ങളെ തിരിച്ചാക്രമിക്കുന്നതിനിടെയാണ് മിഗ് 21 ബൈസണ് വിമാനങ്ങളില് ഒന്ന് നഷ്ടമായത്. ഒരു ഇന്ത്യന് വിമാനം വെടിവെച്ചിട്ടുവെന്നും ഒരു പൈലറ്റിനെ പിടികൂടിയെന്നുമുള്ള പാക് അവകാശവാദത്തെ സ്ഥിരീകരിക്കുകയാണ് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ചെയ്തത്.
ആക്രമണം നടത്തിയ പാകിസ്ഥാന്‍ വിമാനത്തെ ഇന്ത്യന്‍ മിഗ് വിമാനങ്ങള്‍ ആക്രമിച്ചു തകര്‍ത്തുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഒരു ഇന്ത്യന്‍ പൈലറ്റ് കസ്റ്റഡിയിലുണ്ടെന്നാണ് പാകിസ്ഥാന്‍ അവകാശപ്പെടുന്നത്. ഇക്കാര്യം നിരീക്ഷിച്ചു വരികയാണെന്നും വക്താവ് പറഞ്ഞു. വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ പറത്തിയ വിമാനം തിരിച്ചെത്തിയിട്ടില്ലെന്ന് വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചതായി എഎന്‍ഐ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യന്‍ വിമാനം തകര്‍ത്തുവെന്ന പാക് അവകാശവാദം ഇന്ത്യ നേരത്തേ നിഷേധിച്ചിരുന്നു. പിടിയിലായ ഇന്ത്യന്‍ പൈലറ്റിന്റേതെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്‍ ഒരു വീഡിയോ പുറത്തുവിടുകയും ചെയ്തു. പാകിസ്ഥാന്‍ റേഡിയോയും പിടിവിയുമാണ് വീഡിയോ പുറത്തു വിട്ടത്. കണ്ണുകളും കൈകാലുകളും കെട്ടിയിട്ട നിലയിലാണ് പൈലറ്റിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നത്.