ഇന്ത്യയിലെ തൊഴിലില്ലായ്മ ഉയര്‍ന്ന നിരക്കില്‍; കാരണമായത് നോട്ടു നിരോധനവും ജിഎസ്ടിയും?
ന്യൂഡല്‍ഹി: ഇന്ത്യയിലെ തൊഴിലില്ലായ്മ ഉയര്ന്ന നിരക്കിലെന്ന് റിപ്പോര്ട്ട്. 2016 സെപ്റ്റംബറില് രേഖപ്പെടുത്തിയതിനേക്കാള് ഉയര്ന്ന നിരക്കാണ് ഈ വര്ഷം ഫെബ്രുവരിയില് രേഖപ്പെടുത്തിയിരിക്കുന്നത്. 7.2 ശതമാനമാണ് നിലവിലെ തൊഴിലില്ലായ്മാ നിരക്ക്. സെന്റര് ഫോര് മോണിറ്ററിംഗ് ഇന്ത്യന് ഇക്കോണമി തയ്യാറാക്കിയതാണ് ഈ കണക്ക്. തൊഴിലില്ലായ്മ സംബന്ധിച്ചുള്ള കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല് സര്വേ കണക്കുകള് സര്ക്കാര് പുറത്തു വിട്ടിരുന്നില്ല. എന്നാല് അടുത്തിടെ പുറത്തുവന്ന കണക്കുകള് 45 വര്ഷത്തിനിടയില് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായിരിക്കുകയാണെന്ന സൂചന നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ബിജെപിക്ക് അത്ര നല്ല വാര്‍ത്തകളല്ല ഇതു സംബന്ധിച്ച് പുറത്തു വരുന്നത്. കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന അവകാശവാദവുമായി അധികാരത്തിലേറിയ നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുമ്പോള്‍ രൂക്ഷമായ തൊഴിലില്ലായ്മയാണ് രാജ്യത്തിന് സമ്മാനിച്ചിരിക്കുന്നതെന്ന വിമര്‍ശനമാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത്. 2018ല്‍ മാത്രം 11 ദശലക്ഷം ആളുകള്‍ക്ക് ജോലി നഷ്ടമായിട്ടുണ്ടെന്നും 2016ല്‍ നടപ്പാക്കിയ നോട്ട് നിരോധനവും 2017 കൊണ്ടുവന്ന ജിഎസ്ടിയും ലക്ഷക്കണക്കിന് ചെറു വ്യവസായ സംരംഭങ്ങളെ ബാധിച്ചതിന്റെ പ്രതിഫലനമാണ് ഇതെന്നുമാണ് വിലയിയിരുത്തല്‍.
കുടുംബങ്ങളില്‍ നേരിട്ടു നടത്തുന്ന സര്‍വേയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ഈ കണക്കുകള്‍ സര്‍ക്കാര്‍ തയ്യാറാക്കുന്നവയേക്കാള്‍ വിശ്വസനീയമെന്ന് പല വിദഗ്ദ്ധരും കണക്കാക്കുന്നതാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. തൊഴിലന്വേഷകരുടെ എണ്ണം കുറഞ്ഞിട്ടും തൊഴിലില്ലായ്മാ നിരക്ക് ഉയരുകയാണെന്നാണ് മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിഎംഐഇ പറയുന്നത്. രാജ്യത്തെ തൊഴിലുള്ളവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഫെബ്രുവരിയിലെ കണക്കനുസരിച്ച് 400 ദശലക്ഷം ആളുകള്‍ക്കാണ് രാജ്യത്ത് തൊഴിലുകള്‍ ഉള്ളത്. ഒരു വര്‍ഷം മുമ്പ് ഇത് 406 ദശലക്ഷമായിരുന്നു.