ഐഎന്‍എസ് വിരാട് പൊളിച്ചു വില്‍ക്കും; തീരുമാനമെടുത്ത് പ്രതിരോധ മന്ത്രാലയം

ഇന്ത്യയുടെ രണ്ടാമത്തെ വിമാനവാഹിനിക്കപ്പലായിരുന്ന ഐഎന്എസ് വിരാട് പൊളിച്ചു വില്ക്കും.
 | 
ഐഎന്‍എസ് വിരാട് പൊളിച്ചു വില്‍ക്കും; തീരുമാനമെടുത്ത് പ്രതിരോധ മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയുടെ രണ്ടാമത്തെ വിമാനവാഹിനിക്കപ്പലായിരുന്ന ഐഎന്‍എസ് വിരാട് പൊളിച്ചു വില്‍ക്കും. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2017ല്‍ ഡീകമ്മീഷന്‍ ചെയ്ത വിരാട് ലോകത്തെ ഏറ്റവും പഴക്കമേറിയ വിമാനവാഹിനിക്കപ്പലാണ്. 1971ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ ഇന്ത്യന്‍ വിജയത്തിന് പ്രധാന സംഭാവനകള്‍ നല്‍കിയ ഐഎന്‍എസ് വിക്രാന്തിന്റെ അതേ വിധിയായിരിക്കും വിരാടിനും ഉണ്ടാകുകയെന്ന് ഇതോടെ ഉറപ്പായി. വിരാടിനെ ഒരു മ്യൂസിയമാക്കി സംരക്ഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. 852 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി തയ്യാറാക്കിയിരുന്നത്.

കൂറ്റന്‍ കപ്പല്‍ സംരക്ഷിക്കാന്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് വലിയ തുക ചെലവാകുന്നുണ്ടെന്ന് എഴുതിക്കൊടുത്ത മറുപടിയില്‍ പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് പാര്‍ലമെന്റിനെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്കൊന്നിനും കപ്പല്‍ കൈമാറാന്‍ ഉദ്ദേശിക്കുന്നില്ല. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് നേവിയുടെ അഭിപ്രായത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് കപ്പല്‍ പൊളിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്തും വിരാട് വാര്‍ത്തകളില്‍ നിറഞ്ഞു. രാജീവ് ഗാന്ധി കുടുംബവുമൊത്തുള്ള ലക്ഷദ്വീപ് സന്ദര്‍ശനത്തിന് സ്വകാര്യ ടാക്‌സിയായി വിരാടിനെ ഉപയോഗിച്ചുവെന്ന് നരേന്ദ്ര മോദി തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിച്ചതാണ് വിവാദമായത്. ഇന്ത്യയുടെ ആദ്യ വിമാനവാഹിനിയായ ഐഎന്‍എസ് വിക്രാന്തും പൊളിക്കുകയായിരുന്നു. വാഹന നിര്‍മാണക്കമ്പനിയായ ബജാജ് ആണ് ഇത് വാങ്ങിയത്. കപ്പലിന്റെ ഉരുക്ക് ഉപയോഗിച്ച് നിര്‍മിച്ച ബൈക്കുകള്‍ വിക്രാന്ത് എന്ന പേരിലാണ് പിന്നീട് ബജാജ് വിപണിയിലെത്തിച്ചത്.