'ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നു'! കാമസൂത്രയുടെ കോപ്പികള്‍ കത്തിച്ച് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍, വീഡിയോ

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്ന തരത്തില്‍ ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് വാത്സ്യായന കാമസൂത്ര പുസ്തകത്തിന്റെ കോപ്പികള്‍ കത്തിച്ച് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍.
 | 
Kama sutra
ബുക്ക് സ്‌റ്റോറില്‍ ഇടിച്ചു കയറിയ അക്രമികള്‍ കാമസൂത്രയുടെ കോപ്പികള്‍ എടുക്കുകയും റോഡിലിട്ട് കത്തിക്കുകയുമായിരുന്നു.

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്ന തരത്തില്‍ ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് വാത്സ്യായന കാമസൂത്ര പുസ്തകത്തിന്റെ കോപ്പികള്‍ കത്തിച്ച് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ലാറ്റിറ്റിയൂഡ് ഗിഫ്റ്റ് ആന്‍ഡ് ബുക്ക് ചെയിനിന്റെ റീട്ടെയില്‍ ഔട്ട്‌ലെറ്റില്‍ കയറിയാണ് സംഘപരിവാര്‍ സംഘടനയുടെ അതിക്രമം. കാമസൂത്ര പുസ്തകത്തിലെ ചിത്രങ്ങളില്‍ ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചിരിക്കുകയാണെന്ന് പരാതി ലഭിച്ചുവെന്നാണ് അക്രമികള്‍ അവകാശപ്പെട്ടത്. 


ബുക്ക് സ്‌റ്റോറില്‍ ഇടിച്ചു കയറിയ അക്രമികള്‍ കാമസൂത്രയുടെ കോപ്പികള്‍ എടുക്കുകയും റോഡിലിട്ട് കത്തിക്കുകയുമായിരുന്നു. ജയ് ശ്രീറാം, ഹര്‍ ഹര്‍ മഹാദേവ വിളികളോടെയായിരുന്നു പുസ്തകം കത്തിക്കല്‍. ശ്രീകൃഷ്ണനെയും രാധയെയും പുസ്തകത്തില്‍ മോശമായി ചിത്രീകരിച്ചിട്ടുണ്ടെന്നും ചിത്രങ്ങളില്‍ മാത്രമല്ല വിശദീകരണങ്ങളിലും ദൈവങ്ങളെ അധിക്ഷേപിക്കുന്നുണ്ടെന്നും നോര്‍ത്ത് ഗുജറാത്ത് ബജ്‌റംഗ് ദള്‍ പ്രസിഡന്റ് ജ്വാലിത് മേത്ത പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

null


പ്രതിഷേധത്തിന്റെ ഭാഗമായാണ് പുസ്തകം കത്തിച്ചത്. ഹിന്ദു മതവികാരങ്ങളെ ഹനിക്കുന്ന വിധത്തിലുള്ള പുസ്തകങ്ങള്‍ വില്‍ക്കരുതെന്ന് പുസ്തക വില്‍പനക്കാര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പാണ് ഇതെന്ന ഭീഷണിയും ബജ്‌റംഗ് ദള്‍ നേതാവ് മുഴക്കി. ആവര്‍ത്തിച്ചാല്‍ കടകള്‍ കത്തിക്കുമെന്നാണ് ഭീഷണി. സംഭവത്തില്‍ ലാറ്റിറ്റിയൂഡ് പോലീസില്‍ പരാതി നല്‍കിയിട്ടില്ല. തങ്ങളുടെ കൈവശം പുസ്തകത്തിന്റെ മറ്റു കോപ്പികള്‍ ഇല്ലെന്നാണ് ലാറ്റിറ്റിയൂഡ് പുസ്തക ഷോപ്പ് അധികൃതര്‍ പറഞ്ഞത്. 

സംഭവത്തെ താലിബാന്‍ ശൈലിയിലുള്ള ആക്രമണം എന്നാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ പൈതൃകത്തിന്റെ ഭാഗമായ വാത്സ്യായന കാമസൂത്രയിലെ ചിത്രങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അജന്ത, എല്ലോറ ഗുഹകളിലും കൊണാര്‍ക്ക് ക്ഷേത്രത്തിലുമുള്ള രതിശില്‍പങ്ങളൊക്കെ ഇനി മുതല്‍ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കലാകുമോ എന്ന ചോദ്യവും സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നു.