ഇനി ജയിൽ ടൂറിസവും;അഞ്ഞൂറ് രൂപ നൽകിയാൽ ഒരു ദിവസത്തേക്ക് തടവുകാരനാവാം

 | 
jail

 24 മണിക്കൂർ ഒരു ജയിൽപുള്ളിയുടെ ജീവിതം ആസ്വദിക്കാം, അനുഭവിക്കാം. വിനോദസഞ്ചരത്തിന്റെ പുത്തൻ സാധ്യത തുറന്നിട്ടിരിക്കുകയാണ് കർണാടക ബെലാഗവിയിലെ  ഹിൻഡാൽഡ സെന്റട്രൽ ജയിൽ അധികൃതർ. അഞ്ഞൂരൂപ ഫീസ് നൽകിയാൽ ഒരു ദിവസം  മുഴുവൻ ജയിലിൽ തടവരുകാർക്കൊപ്പം ജീവിക്കാം. 

ജയിലിനുള്ളിൽ കഴിയാൻ താത്പര്യമുള്ളവർക്ക് അതിനുള്ള അവസരമൊരുക്കുന്നത് ഹിൻഡാൽഗ സെൻട്രൻ ജയിൽ അധികൃതരാണ്.  പറഞ്ഞുകേട്ടോ വായിച്ചറിഞ്ഞോ സിനിമയിലൂടെയോ മാത്രം പരിചയമുള്ള ജയിൽ ജീവിതം പരിചയപ്പെടുത്തുന്ന ജയിൽ ടൂറിസമാണ് ലക്ഷ്യമിടുന്നത്. ഈ നിർദേശത്തിനുള്ള സംസ്ഥാനസർക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് ജയിലധികൃതർ. 
പക്ഷെ ജയിലിനുള്ളിൽ സുഖവാസമായിരിക്കുമെന്ന ധാരണ വേണ്ട. മറ്റ് തടവുകാരോടെന്ന പോലെ തന്നെയാവും സന്ദർശകരോടുമുള്ള അധികൃതരുടെ പെരുമാറ്റം. പുലർച്ചെ മണിയടിയോടെയാവും ദിനചര്യ ആരംഭിക്കുന്നത്. ജയിലിലെ യൂണിഫോം ധരിക്കണം. തടവുപുള്ളികൾക്ക് നൽകുന്നത് പോലെ നമ്പർ ലഭിക്കും. മറ്റ് തടവുപുള്ളികൾക്കൊപ്പം സെൽ പങ്കിടേണ്ടി വരും. തടവുപുള്ളികൾക്ക് നൽകുന്ന അതേ ഭക്ഷണം തന്നെ കഴിക്കേണ്ടതുണ്ട്. ജയിലിനകത്ത് പൂന്തോട്ടനിർമാണം, പാചകം, ശുചീകരണം തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ പങ്കു ചേരുകയും വേണം. 

'രാവിലെ അഞ്ച് മണിക്ക് ജയിലുദ്യോഗസ്ഥൻ വിളിച്ചുണർത്തും. ചായയ്ക്ക് മുമ്പ് സെല്ലിനകം വൃത്തിയാക്കണം. ഒരു മണിക്കൂറിന് ശേഷം പ്രാതൽ ലഭിക്കും. പതിനൊന്ന് മണിയ്ക്ക് ചോറും സാമ്പാറും. പിന്നെ രാത്രി ഏഴ് മണിക്ക് മാത്രമേ ഭക്ഷണം ലഭിക്കൂ. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം സസ്യേതര ഭക്ഷണം കിട്ടും. ശനി, ഞായർ ദിവസങ്ങളിൽ എത്തുകയാണെങ്കിൽ സ്പെഷ്യൽ ഭക്ഷണം ആസ്വദിക്കാം'-ജയിലധികൃതർ വ്യക്തമാക്കി.

രാത്രി ഭക്ഷണത്തിന് ശേഷം പായും കിടക്കയും സ്വയമെടുത്ത് അനുവദിച്ച സെല്ലുകളിലേക്ക് പോയി മറ്റുള്ളവരോടൊപ്പം നിലത്ത് കിടന്നുറങ്ങണം. സെല്ലുകൾ പൂട്ടിയിടും. ചിലപ്പോൾ 'വല്യപുള്ളി'കളോടൊപ്പം കഴിയേണ്ടിയും വരും. നിലവിൽ വധശിക്ഷ കാത്ത് കഴിയുന്ന 29 കൊടും കുറ്റവാളികൾ ഹിൻഡാൽഗ ജയിലിലുണ്ട്. വീരപ്പന്റെ കൂട്ടാളികളും സീരിയൽ കില്ലറും ബലാത്സംഗ കേസ് പ്രതികളും ഇവിടെയുണ്ട്.  പ്രതികളോടൊപ്പം കഴിയുന്നത് ജയിൽവാസത്തെ കുറിച്ച് മനസ്സിലാക്കുന്നതിന് സഹായിക്കുമെന്ന് ജയിലധികൃതർ പറയുന്നു. കൂടാതെ ഇത് കുറ്റകൃത്യങ്ങളിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുമെന്ന പ്രതീക്ഷയും ഉദ്യോഗസ്ഥർ പങ്കുവെച്ചു,