ഐസിസ് ബന്ധം ആരോപിച്ച് ഝാര്ഖണ്ഡില് പോപ്പുലര് ഫ്രണ്ടിനെ നിരോധിച്ചു
റാഞ്ചി: ഐസിസ് ബന്ധം ആരോപിച്ച് ഝാര്ഖണ്ഡില് പോപ്പുലര് ഫ്രണ്ടിനെ ബിജെപി സര്ക്കാര് നിരോധിച്ചു. ഇസ്ലാമിക് സ്റ്റേറ്റുമായി നേരിട്ട് ബന്ധമുള്ള സംഘടനയാണ് എന്നാരോപിച്ചാണ് പോപ്പുലര് ഫ്രണ്ടിനെ നിരോധിച്ചുകൊണ്ട് സര്ക്കാര് ഉത്തരവിട്ടത്. ഝാര്ഖണ്ഡിലെ മുസ്ലിം ഭൂരിപക്ഷ മേഖലകളില് പലയിടങ്ങളിലും പോപ്പുലര് ഫ്രണ്ട് സജീവ സാന്നിധ്യമാണ്.
ക്രിമിനല്‍ നിയമഭേദഗതി ആക്ട് 1908 പ്രകാരം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ ആഭ്യന്തര വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നുവെന്നും അതിനാലാണ് നടപടിയെന്നും സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളുമായി ഏറെ സ്വാധീനമുള്ള സംഘടനയാണ് കേരളത്തില്‍ രൂപീകൃതമായ പോപ്പുലര്‍ ഫ്രണ്ടെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ നിരോധനം സംബന്ധിച്ച നിര്‍ദേശം കേരള സര്‍ക്കാര്‍ നിരാകരിക്കുകയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ഇന്ത്യയില്‍ നിന്നും പോയ ഭൂരിപക്ഷം പേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പറയുന്നു.