സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ചപ്പാത്തിയും ഉപ്പും നല്‍കിയെന്ന വാര്‍ത്ത; മാധ്യമപ്രവര്‍ത്തകനെതിരെ കേസ്
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് ചപ്പാത്തിക്കൊപ്പം ഉപ്പ് മാത്രം നല്കിയെന്ന വാര്ത്ത പുറത്തുവിട്ട മാധ്യമപ്രവര്ത്തകനെതിരെ കേസെടുത്തു. കുട്ടികള്‍ ചപ്പാത്തിയും ഉപ്പും മാത്രം കഴിക്കുന്ന വീഡിയോ ഷൂട്ട് ചെയ്ത പവന്‍ ജയ്‌സ്‌വാളിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറാണ് പരാതിക്കാരന്‍. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് വീഡിയോ ഷൂട്ട് ചെയ്തതെന്നാണ് പരാതി.
മിര്‍സാപൂരിലെ പ്രൈമറി സ്‌കൂളിലെ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥികള്‍ ചപ്പാത്തിയും ഉപ്പും കഴിക്കുന്ന വീഡിയോയും വാര്‍ത്തയും കഴിഞ്ഞ മാസമാണ് പുറത്തു വന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതി അനുസരിച്ച് പച്ചക്കറികള്‍, ധാന്യങ്ങള്‍, പരിപ്പ് വര്‍ഗ്ഗങ്ങള്‍ എന്നിവ നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നതെങ്കിലും കുട്ടികള്‍ക്ക് ലഭിക്കുന്നത് ചപ്പാത്തിയോ ചോറോ മാത്രമാണെന്നും കറികള്‍ക്ക് പകരം ഉപ്പ് മാത്രമാണ് ലഭിക്കാറുള്ളതെന്നും രക്ഷാകര്‍ത്താക്കള്‍ പറയുന്നു. പാലും പഴങ്ങളും കുട്ടികള്‍ക്ക് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും അത് പാലിക്കപ്പെടാറില്ല.
ഈ വാര്‍ത്ത പുറത്തു വന്നതിനെത്തുടര്‍ന്ന് ഗ്രാമപഞ്ചായത്തിലെ ഒരു ഉദ്യോഗസ്ഥനും സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അധ്യാപകനും സസ്‌പെന്‍ഷനിലായിരുന്നു. അതേസമയം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയായിരുന്നു മാധ്യമപ്രവര്‍ത്തകനെന്ന് എഫ്‌ഐആറില്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പങ്കുവെക്കപ്പെട്ടത് സര്‍ക്കാരിന് മാനക്കേടുണ്ടാക്കി. എന്നാല്‍ സംഭവം നടന്ന ദിവസം സ്‌കൂളില്‍ ചപ്പാത്തി മാത്രമേ പാകം ചെയ്തിട്ടുണ്ടായിരുന്നുള്ളുവെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.