ശബരിമല യുവതീ പ്രവേശന വിധിക്ക് ശേഷം ഭീഷണിയുണ്ടായെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

മുംബൈ: ശബരിമല വിധിക്ക് ശേഷം തനിക്കെതിരെ ഭീഷണിയുണ്ടായിട്ടുണ്ടെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഭീഷണിയും ആക്ഷേപങ്ങളും ഉയര്‍ന്നു. സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ വായിക്കരുതെന്ന് തനിക്കൊപ്പം പ്രവര്‍ത്തിക്കുന്ന ലോ ക്ലര്‍ക്കുമാരും ഇന്റേണ്‍മാരും ആവശ്യപ്പെട്ടു. കണ്ട സന്ദേശങ്ങള്‍ പലതും ഭയപ്പെടുത്തുന്നതായിരുന്നുവെന്നും ജഡ്ജിമാരുടെ സുരക്ഷയില്‍ ആശങ്കയുള്ളതിനാല്‍ അവര്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നും അവര്‍ അറിയിച്ചുവെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വെളിപ്പെടുത്തി.
തനിക്ക് കുടുംബ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ മാത്രമാണ് അക്കൗണ്ട് ഉള്ളത്. മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിലവിലില്ല. ഭീഷണിയുണ്ടെങ്കിലും വിധിയില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളെ അകറ്റി നിര്‍ത്തുന്നത് തൊട്ടുകൂടായ്മയ്ക്ക് തുല്യമാണ്. സ്ത്രീകള്‍ക്കും ആരാധനാ സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്. ഇത് കവര്‍ന്നെടുക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. ശബരിമലയിലെ സുപ്രധാന വിധി പുറപ്പെടുവിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അംഗമായിരുന്നു അദ്ദേഹം. ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് ഭൂരിപക്ഷ വിധിയോട് വിയോജിച്ചത്.