മഞ്ചേശ്വരം തെരഞ്ഞെടുപ്പ് അട്ടിമറി കേസില് നിന്ന് കെ. സുരേന്ദ്രന് പിന്‍മാറുന്നു

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് അട്ടിമറി കേസില് നിന്ന് ബി.ജെ.പി ജനറല് സെക്രട്ടറി കെ. സുരേന്ദ്രന് പിന്മാറുന്നു. കേസിലെ നിന്ന് പിന്മാറുന്നതായി കാണിച്ച് സുരേന്ദ്രന് ഹൈക്കോടതിയില് അപേക്ഷ നല്കി. കേസിലെ മുഴുവന് വ്യക്തികളേയും വിസ്തരിക്കല് പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയാണ് അപേക്ഷ നല്‍കിയത്.
89 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി അബ്ദുള്‍ റസാഖ് വിജയിച്ചത്. തുടര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേട് നടന്നതായി ചൂണ്ടിക്കാണിച്ച് സുരേന്ദ്രന്‍ രംഗത്ത് വന്നത്. അബ്ദുള്‍ റസാഖിന്റെ വിജയമുറപ്പിച്ചത് കള്ളവോട്ടുകളാണെന്നായിരുന്നു സുരേന്ദ്രന്റെ പ്രധാന ആരോപണം. എന്നാല്‍ ആരോപണങ്ങളൊന്നും നിയമപരമായി തെളിയിക്കാന്‍ സുരേന്ദ്രന് കഴിഞ്ഞില്ല. കേസില്‍ അതിരൂക്ഷ വിമര്‍ശനമാണ് നേരത്തെ കോടതി സുരേന്ദ്രനെതിരെ ഉയര്‍ത്തിയത്.
ഇതിന് പിന്നാലെയാണ് കേസില്‍ നിന്ന് പിന്മാറാന്‍ സുരേന്ദ്രന്‍ തീരുമാനിച്ചത്. നേരത്തെ പി.വി റസാഖ് മരണപ്പെട്ട സാഹചര്യത്തില്‍ കേസില്‍ നിന്ന് പിന്മാറാന്‍ താല്‍പര്യമുണ്ടോയെന്ന് സുരേന്ദ്രനോട് കോടതി ആരാഞ്ഞിരുന്നു. കേസുമായി മുന്നോട്ടു പോകുമെന്നാണ് സുരേന്ദ്രന്‍ അന്ന് വ്യക്തമാക്കിയത്. കേസില്‍ 75 ശതമാനം സാക്ഷി വിസ്താരം പൂര്‍ത്തായായി കഴിഞ്ഞിട്ടുണ്ട്. അനുകൂലമായ വിധിയുണ്ടാകില്ലെന്ന് നിയമോപദേശം ലഭിച്ചതോടെയാണ് സുരേന്ദ്രന്‍ പിന്മാറാന്‍ അപേക്ഷ നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.