ബീഫില്‍ മലക്കംമറിഞ്ഞ് കണ്ണന്താനം; ടൂറിസ്റ്റുകള്‍ സ്വന്തം നാട്ടില്‍നിന്ന് ബീഫ് കഴിച്ചിട്ടുവന്നാല്‍ മതിയെന്ന് പ്രസ്താവന
ന്യൂഡല്‍ഹി: ബീഫ് വിഷയത്തില് മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി അല്ഫോന്സ് കണ്ണന്താനം. ഇന്ത്യയിലേക്ക് വരുന്ന ടൂറിസ്റ്റുകള് സ്വന്തം രാജ്യത്തുനിന്ന് തന്നെ ബീഫ് കഴിച്ചിട്ട് വരുന്നതായിരിക്കും ഉചിതമെന്ന് കണ്ണന്താനം പറഞ്ഞു. ടൂറിസത്തിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ ശേഷം നടന്ന ആദ്യത്തെ പൊതുചടങ്ങില് സംസാരിക്കുമ്പോളാണ് കണ്ണന്താനം തന്റെ മുന് നിലപാടില് നിന്ന് പിന്നോട്ടു പോയത്.
എന്തു കഴിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്നും ആഹാരശീലങ്ങള്‍ എന്തായിരിക്കണമെന്ന ബിജെപി ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ലെന്നും കണ്ണന്താനം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബീഫ് നിരോധനം ടൂറിസത്തെ ബാധിക്കില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം കണ്ണന്താനം പറഞ്ഞത്. ടൂറിസ്റ്റുകള്‍ക്ക് സ്വന്തം രാജ്യത്ത് നിന്നും ബീഫ് കഴിക്കാം. എന്നിട്ട് ഇവിടേക്ക് വരാം എന്നായിരുന്നു മറുപടി.
ബീഫിന്റെ കാര്യത്തില്‍ അഭിപ്രായം പറയാന്‍ താന്‍ ഭക്ഷ്യവകുപ്പ് മന്ത്രിയല്ല, ടൂറിസം മന്ത്രിയാണെന്നും കണ്ണന്താനം പറഞ്ഞു. മലയാളികള്‍ ബീഫ് കഴിക്കുന്നത് തുടരുമെന്നായിരുന്നു സത്യപ്രതിജ്ഞയ്ക്കു ശേഷം കണ്ണന്താനത്തിന്റെ പ്രതികരണം. ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഗോവയില്‍ ബീഫ് കഴിക്കാമെങ്കില്‍ കേരളത്തിലും ഒരു പ്രശ്നവുമുണ്ടാകില്ലെന്ന് കണ്ണന്താനം കൂട്ടിച്ചേര്‍ത്തിരുന്നു.