നോട്ട് നിരോധനം വലിയ അഴിമതിയെന്ന് തെളിയിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

ഗുജറാത്തിലെ ബിജെപി ഓഫീസ്, മഹാരാഷ്ട്ര കൃഷിമന്ത്രിയുടെ ഓഫീസ്, മുംബൈ ഹോട്ടല് എന്നിവിടങ്ങളില് നടന്ന രഹസ്യ ഇടപാടുകളുടെ ഒളിക്യാമറാ ദൃശ്യങ്ങളാണ് കോണ്ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്.
 | 
നോട്ട് നിരോധനം വലിയ അഴിമതിയെന്ന് തെളിയിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നോട്ട് നിരോധനം വലിയ അഴിമതിയെന്ന് തെളിയിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്. ഗുജറാത്തിലെ ബിജെപി ഓഫീസ്, മഹാരാഷ്ട്ര കൃഷിമന്ത്രിയുടെ ഓഫീസ്, മുംബൈ ഹോട്ടല്‍ എന്നിവിടങ്ങളില്‍ നടന്ന രഹസ്യ ഇടപാടുകളുടെ ഒളിക്യാമറാ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. അസാധു നോട്ടുകള്‍ മാറിയെടുക്കാനുള്ള സമയം കഴിഞ്ഞിട്ടും കോടിക്കണക്കിന് രൂപ ബി.ജെ.പി ഇടപെട്ട് മാറിയെടുത്തതായും നേരത്തെ ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് പുതിയ ദൃശ്യങ്ങളെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

നോട്ട് നിരോധനം സംബന്ധിച്ച് അമിത് ഷാ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. വിഷയത്തില്‍ കൂടുതല്‍ തെളിവുകള്‍ കൈവശമുണ്ട്. അഴിമതി തെളിയിക്കാന്‍ ആവശ്യമായ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് വക്താവ് കപില്‍ സിബലാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. പുതിയ ദൃശ്യങ്ങള്‍ ബി.ജെ.പിക്ക് വലിയ തലവേദന സൃഷ്ടിക്കും.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസ്ഥയില്‍ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയരുന്നത് ബി.ജെ.പിക്ക് കനത്ത പ്രത്യാഘാതം സൃഷ്ടിക്കും. നോട്ട് മാറ്റി നല്‍കാന്‍ ഗുജറാത്ത് കൃഷി മന്ത്രിയുടെ ഓഫീസില്‍ നടന്ന ചര്‍ച്ചകളുടെ ദൃശ്യങ്ങളും ഹോട്ടലില്‍ പണം കൈമാറുന്ന ദൃശ്യങ്ങളുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കള്ളപ്പണം ബി.ജെ.പി വഴി മാറിയെടുത്തുവെന്നാണ് ആരോപണം.

മുബൈയിലെ ട്രിനാഡ ഹോട്ടലില്‍ ബാങ്ക് ഓഫ് ഇന്ത്യാ ഉദ്യോഗസ്ഥര്‍ അടക്കം പങ്കെടുത്ത യോഗത്തിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ കോടിക്കണക്കിന് രൂപ ബി.ജെ.പി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ മാറിയെടുത്തതായി നേരത്തെ ഒരു ഉദ്യോഗസ്ഥന്‍ സമ്മതിക്കുന്ന വീഡിയോ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.