രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ കര്‍ണാടക നിയമസഭാ സമ്മേളനം ഇന്ന് മുതല്‍; ഭരണഘടനാ വിരുദ്ധമെന്ന് ബിജെപി

വിമത എംഎല്എമാരുടെ രാജി മൂലം ഭരണപക്ഷം ദുര്ബലമായിരിക്കുകയും കടുത്ത രാഷ്ട്രീയ അനിശ്ചിതത്വം നിലനില്ക്കുകയും ചെയ്യുന്നതിനിടെ കര്ണാടക നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും.
 | 
രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ കര്‍ണാടക നിയമസഭാ സമ്മേളനം ഇന്ന് മുതല്‍; ഭരണഘടനാ വിരുദ്ധമെന്ന് ബിജെപി

ബംഗളൂരു: വിമത എംഎല്‍എമാരുടെ രാജി മൂലം ഭരണപക്ഷം ദുര്‍ബലമായിരിക്കുകയും കടുത്ത രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുകയും ചെയ്യുന്നതിനിടെ കര്‍ണാടക നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. ഭൂരിപക്ഷം നഷ്ടമായ കുമാരസ്വാമി സര്‍ക്കാര്‍ സമ്മേളനം വിളിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന പ്രഖ്യാപനവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. അന്തരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പിരിയുകയാണ് ആദ്യദിവസത്തെ നടപടി. എന്നാല്‍ പ്രതിപക്ഷമായ ബിജെപി പ്രതിഷേധിക്കുമെന്നാണ് സൂചന.

സമ്മേളനത്തില്‍ അനിഷ്ട സംഭവങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വിധാന്‍സൗധയിലും പരിസരങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ വിധിയും ഇന്ന് എത്തിയേക്കും. എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ വ്യാഴാഴ്ച തീരുമാനമെടുക്കണമെന്നായിരുന്നു സ്പീക്കര്‍ക്ക് സുപ്രീം കോടതി നല്‍കിയ നിര്‍ദേശം. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത് സാധ്യമല്ലെന്ന് കാട്ടി സ്പീക്കര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

എംഎല്‍എമാരുടെ ഹര്‍ജി പരിഗണിക്കുന്നതിനൊപ്പം ഈ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും. കോടതി നിര്‍ദേശമനുസരിച്ച് ചട്ടപ്രകാരം രാജി നല്‍കിയ മൂന്ന് എംഎല്‍എമാരെ ഇന്ന് സ്പീക്കര്‍ കാണും. വൈകിട്ട് നാല് മണിക്ക് സ്പീക്കറുടെ ചേംബറില്‍ എത്താനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് സ്പീക്കറെ കണ്ട ശേഷം വിമത എംഎല്‍എമാര്‍ മുബൈയിലേക്ക് മടങ്ങിയിരുന്നു.