താമര വിരിയിക്കില്ലെന്ന് ഉറപ്പിച്ച് സോണിയ; ബിജെപി ആഹ്ലാദ പ്രകടനങ്ങള് നിര്‍ത്തിവെച്ചു
ബംഗളൂരു: നാടകീയ രംഗങ്ങള്ക്കൊടുവില് കര്ണാടകയില് ബിജെപി വിരുദ്ധ ചേരി അധികാരത്തിലേക്ക്. അധികാരത്തിലെത്താന് കഴിയില്ലെന്ന് ഉറപ്പായതോടെ ബി.ജെ.പി പാളയത്തില് ആഹ്ലാദ പ്രകടനങ്ങള് നിര്ത്തിവെച്ചു. മോഡിയുടെയും അമിത് ഷായുടെയും ചിത്രങ്ങളേന്തി രാവിലെ മുതല് ബിജെപി അനുകൂലികള് ആഹ്ലാദ പ്രകടനം നടത്തുകയായിരുന്നു. എന്നാല് മുന് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങള് ബിജെപിക്ക് തിരിച്ചടിയാകുകയായിരുന്നു.
കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തായതോടെ ബിജെപി പാളയത്തില്‍ കനത്ത നിരാശ പടര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമിത് ഷായും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സഖ്യ ധാരണകളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അതേസമയം എന്തു വിലകൊടുത്തും ബിജെപി അധികാരത്തിലെത്തുന്നത് തടയുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.
ജെ.ഡി.എസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്ന വിഷയം അവതരിപ്പിക്കാന്‍ രാജിവെക്കുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ വൈകീട്ട് നാല് മണിക്ക് ഗവര്‍ണറെ കാണുന്നുണ്ട്. ഫലം പ്രഖ്യാപിച്ചിരിക്കുന്ന 138 മണ്ഡലങ്ങളില്‍ ബിജെപി 75ഉം കോണ്‍ഗ്രസ് 43ഉം ജെഡിഎസ് 18 ഇടങ്ങളില്‍ വിജയിച്ചു കഴിഞ്ഞു.