കര്‍ണ്ണാടക കോണ്‍ഗ്രസ് എംഎല്എമാര് തമ്മില്‍ കയ്യാങ്കളി? തലക്കടിയേറ്റ എംഎല്‍എ ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട്

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി വീണ്ടും പുറത്തെടുത്ത ഓപ്പറേഷന് ലോട്ടസില് നിന്ന് രക്ഷപ്പെടുത്താന് റിസോര്ട്ടില് പാര്പ്പിച്ച കോണ്ഗ്രസ് എംഎല്എമാര് തമ്മില് കയ്യാങ്കളിയെന്ന് റിപ്പോര്ട്ട്. കോണ്ഗ്രസ് എംഎല്എയായ ആനന്ദ് സിങ്ങിനെ തലയ്ക്കേറ്റ പരിക്കുകളുമായി അപ്പോളോ ആശുപത്രിയില് പ്രവേശിപ്പിച്ചുവെന്നാണ് വിവരം. ബംഗളൂരു ഈഗിള്ടണ് റിസോര്ട്ടില് വെച്ച് മറ്റൊരു കോണ്ഗ്രസ് എംഎല്എയായ ജെ.എന്.ഗണേഷ് ആനന്ദ് സിങ്ങിന്റെ തലയില് കുപ്പികൊണ്ട് അടിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ആശുപത്രിയില്‍ ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ എത്തുന്നുണ്ടെങ്കിലും കുപ്പികൊണ്ടുള്ള അടിയേറ്റാണ് സിങ് ആശുപത്രിയിലായതെന്ന റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസ് നിഷേധിച്ചു. സിങ്ങിനെ കാണാന്‍ നേതാക്കള്‍ക്ക് അനുമതി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. നേതാവായ രഘുനാഥിനെപ്പോലും കയറ്റിവിട്ടില്ല. കയ്യാങ്കളിയുണ്ടായെന്ന വാര്‍ത്ത കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ നിഷേധിച്ചു. അതേസമയം ശിവകുമാറിന്റെ സഹോദരന്‍ ഡി.കെ.സുരേഷ് ആശുപത്രിയിലുണ്ട്.
ഓപ്പറേഷന്‍ താമര പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലിരിക്കുന്ന ബിജെപി ക്യാമ്പ് ഈ വാര്‍ത്തയോടെ ഉണര്‍വ്വിലായിട്ടുണ്ട്. ഈഗിള്‍ട്ടണ്‍ റിസോര്‍ട്ടിലെ തല്ല് ഒഴിവാക്കാന്‍ കെപിസിസി പ്രസിഡന്റിനു പോലും സാധിച്ചില്ലെന്ന് ബിജെപി ട്വീറ്റില്‍ പറയുന്നു.