രാജി പിന്വലിക്കാമെന്ന് സമ്മതിച്ച കര്‍ണാടക എംഎല്‍എ വീണ്ടും മുംബൈയില്‍; ബിജെപി ഇടപെടലില്‍ നാടകം തുടരുന്നു

ബംഗളൂരു: കോണ്‍ഗ്രസ് നടത്തിയ അപ്രതീക്ഷിത നീക്കത്തിലൂടെ രാജി പിന്വലിക്കാമെന്ന് സമ്മതിച്ച വിമത എംഎല്എ വീണ്ടും മുംബൈയിലേക്ക്. മുന്‍ മന്ത്രി കൂടിയായ എം.ടി.ബി നാഗരാജ് ആണ് മുംബൈയിലേക്ക് പോയത്. ബിജെപി നേതാവ് ബി.എസ്.യെദിയൂരപ്പയുടെ പിഎ, സന്തോഷിനൊപ്പം പ്രത്യേക വിമാനത്തിനാണ് നാഗരാജിന്റെ യാത്ര.
ഇന്നലെ ഡി.കെ.ശിവകുമാര്‍, മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി, സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നാഗരാജ് രാജി പിന്‍വലിക്കാമെന്ന് സമ്മതിച്ചത്. രാജി നല്‍കിയ സുധാകര്‍ റാവുവും തനിക്കൊപ്പം നില്‍ക്കുമെന്ന് നാഗരാജ് പറഞ്ഞിരുന്നു. വിശ്വാസ വോട്ടിന് തയ്യാറാണെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
വിശ്വാസ വോട്ടെടുപ്പില്‍ എതിര്‍ത്ത് വോട്ട് ചെയ്താല്‍ എംഎല്‍എമാര്‍ക്ക് അംഗത്വം നഷ്ടമാകുമെന്ന് ഡി.കെ.ശിവകുമാര്‍ പറഞ്ഞു. വിമതരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. വിജയിച്ച് കയറിയ എല്ലാ കോണ്‍ഗ്രസ് അംഗങ്ങളിലും വിശ്വാസമുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു.