നാളെ ഭൂരിപക്ഷം തെളിയിക്കണം; ബിജെപിക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം; വിശ്വാസവോട്ട് കോടതിയുടെ മേല്‍നോട്ടത്തില്‍?

സഭയില് നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന് ബിജെപിക്ക് സുപ്രീം കോടതിയുടെ നിര്ദേശം. സര്ക്കാര് രൂപീകരിക്കാന് ബിജെപിയെ ക്ഷണിച്ച നടപടിക്കെതിരെ കോണ്ഗ്രസ് നല്കിയ ഹര്ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിര്ദേശം. കോണ്ഗ്രസ്, ജെഡിയു എംഎല്എമാര് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് ബിജെപി കോടതിയില് അറിയിച്ചു. അതേസമയം നാളെ വിശ്വാസവോട്ട് നടത്തുന്നതിനെ ബിജെപി എതിര്‍ത്തു.
ഇതിന്റെ അടിസ്ഥാനത്തില്‍ നാളെത്തന്നെ കര്‍ണാടകയില്‍ വിശ്വാസവോട്ട് നടന്നേക്കും. കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുമെന്നാണ് കരുതുന്നത്. വിശ്വാസവോട്ടിന് തയ്യാറാണെന്ന് കോണ്‍ഗ്രസ് കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പിന് മുമ്പും പിന്‍പുമായുള്ള സഖ്യങ്ങള്‍ വ്യത്യസ്തമാണെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് അര്‍ജന്‍ കുമാര്‍ സിക്രി കൂടുതല്‍ സമയം നല്‍കാനാകില്ലെന്നും പറഞ്ഞു. ആരെ ക്ഷണിച്ചാലും ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലാണെന്ന് വ്യക്തമാക്കിയ കോടതി മറ്റ് വിഷയങ്ങള്‍ പിന്നീട് പരിഗണിക്കുമെന്നും വ്യക്തമാക്കി. ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം ബിജെപിക്ക് തന്നെ ആദ്യം ലഭിച്ചേക്കും.