കര്‍ണാടക റിസോര്‍ട്ടിലെ തമ്മിലടി; കോണ്‍ഗ്രസ് എംഎല്‍എയെ കുപ്പിക്കടിച്ച മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എയെ കുപ്പികൊണ്ട് അടിച്ച എംഎല്‍എ അറസ്റ്റില്‍. കോണ്‍ഗ്രസ് എംഎല്‍എയായ ജെ.എന്‍.ഗണേഷ് ആണ് അറസ്റ്റിലായത്. ജനുവരി 18-ാം തിയതി ആനന്ദ് സിങ് എംഎല്‍എയെ ബിഡദിയിലെ റിസോര്‍ട്ടില്‍ വെച്ച് കുപ്പിക്ക് അടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവിലായിരുന്നു.
ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരെ വല വീശിപ്പിടിക്കാന്‍ ആരംഭിച്ച ഓപ്പറേഷന് കമലയുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. ഇവിടെ വെച്ചാണ് എംഎല്‍എമാര്‍ തമ്മില്‍ സംഘട്ടനമുണ്ടായത്. സംഭവത്തില്‍ മുഖത്ത് പരിക്കേറ്റ ആനന്ദ് സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ആനന്ദ് സിങ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗണേഷിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ ഒളിവില്‍ പോയത്.