സ്വതന്ത്രനെ കോണ്‍ഗ്രസ് തിരിച്ചു പിടിച്ചു; കരുനീക്കങ്ങള്‍ ശക്തമാക്കി ഡി.കെ. ശിവകുമാര്‍; ബിജെപി പാളയത്തില്‍ ആശങ്ക

ബംഗളൂരു: ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്ര എംഎല്എ ശങ്കറിനെ കോണ്ഗ്രസ് പാളയത്തിലെത്തിച്ച് ഡി.കെ. ശിവകുമാര്. ആദ്യം ശങ്കര് കോണ്ഗ്രസിനായിരുന്നു പിന്തുണ പ്രഖ്യാപിച്ചത് എന്നാല് പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ശങ്കറിന്റെ മനംമാറ്റത്തിന് പിന്നില് ഡികെ ശിവകുമാര് നടത്തിയ നീക്കങ്ങളാണെന്ന് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു.
കര്‍ണാടകത്തിലെ ബിജെപിയുടെ മുഖ്യശത്രുക്കളില്‍ ഒരാളാണ് ഡി.കെ. ശിവകുമാര്‍. കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നതടക്കമുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കിയത് ശിവകുമാറായിരുന്നു. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ നേതാവാണ് ഇദ്ദേഹം. കുതിരക്കച്ചവടത്തിന് ഇറങ്ങിയാല്‍ ബിജെപിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി റിസോര്‍ട്ട് വിട്ടുപോയതായി റിപ്പോര്‍ട്ട്. എന്നാല്‍ അനാരോഗ്യം മൂലമാണ് പ്രതാപഗൗഡ പാട്ടീല്‍ എംഎല്‍എ റിസോട്ടില്‍ നിന്ന് മാറിയതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. എന്തു വിലകൊടുത്തും കേവല ഭൂരിപക്ഷം നേടാനുള്ള ശ്രമത്തിലാണ് ബിജെപി. അതിനിടയില്‍ ഡി.കെ. ശിവകുമാറിന്റെ നീക്കങ്ങള്‍ ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കുകയാണ്.