കര്‍ണാടക; രാജിക്കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി; കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും

ന്യൂഡല്‍ഹി: കര്‍ണാടക വിമത എംഎല്എമാരുടെ രാജിയില് തല്സ്ഥിതി തുടരാന് സുപ്രീം കോടതിയുടെ നിര്‍ദേശം. എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ടതിന് ശേഷമാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ രാജി, അയോഗ്യത എന്നിവയില്‍ തല്‍സ്ഥിതി തുടരണം. കേസില്‍ ഭരണഘടനാപരമായ വിഷയങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കേസിന്റെ വാദത്തില്‍ എംഎല്‍എമാര്‍ക്കു വേണ്ടി ഹാജരായ മുകുള്‍ രോഹ്തഗി സ്പീക്കര്‍ രമേഷ് കുമാറിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. രാജിയില്‍ സ്പീക്കര്‍ ഒരു തീരുമാനവും എടുത്തില്ലെന്ന് രോഹ്തഗി പറഞ്ഞു. സ്പീക്കര്‍ വാര്‍ത്താ സമ്മേളനം നടത്തി. തനിക്ക് ഉത്തരവ് നല്‍കാന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്നാണ് സ്പീക്കര്‍ പറഞ്ഞതെന്നും വാദിച്ച റോഹ്തഗി പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുന്ന സ്പീക്കര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ രാജിയില്‍ തീരുമാനമെടുക്കാന്‍ സാവകാശം വേണമെന്നും അത് ചട്ടപ്രകാരമുള്ള നടപടിയാണെന്നും സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ അഭിഷേക് സിംഗ്‌വി വാദിച്ചു. അതേസമയം അയോഗ്യരാക്കിയാല്‍ കൂടുതല്‍ പ്രത്യാഘാതങ്ങളുണ്ടെന്നും രാജിവെക്കുന്നതിന്റെയും അയോഗ്യരാക്കുന്നതിന്റെയും പ്രത്യാഘാതങ്ങള്‍ വ്യത്യസ്തമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സ്പീക്കര്‍ സുപ്രീം കോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യുകയാണോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോള്‍ അല്ലെന്നും എന്നാല്‍ സ്പീക്കറുടേത് ഭരണഘടനാ പദവിയാണെന്നും സിംഗ്‌വി മറുപടി നല്‍കി. നിയമസഭയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉത്തരവ് ഇറക്കാന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്നും അദ്ദേഹം വാദിച്ചു. മുഖ്യമന്ത്രിയുടെ വാദം കേള്‍ക്കാതെയാണ് ഇന്നലെ കോടതി വിധി പുറപ്പെടുവിച്ചതെന്ന് എച്ച്.ഡി കുമാരസ്വാമിക്ക് വേണ്ടി ഹാജരായ രാജീവ് ധവാന്‍ പറഞ്ഞു.
സര്‍ക്കാരില്‍ അഴിമതിയുണ്ടെന്ന എംഎല്‍എമാരുടെ വാദത്തെ എതിര്‍ത്ത ധവാന്‍ ആര്‍ട്ടിക്കിള്‍ 32 പ്രകാരം എംഎല്‍എമാരുടെ ഹര്‍ജി അനുവദിക്കാനാകില്ലെന്നും വ്യക്തമാക്കി. ജനവിധി തള്ളിപ്പറയുകയാണ് വിമത എംഎല്‍എമാര്‍. അയോഗ്യത കല്‍പ്പിക്കാനുള്ള അവകാശങ്ങള്‍ സ്പീക്കര്‍ക്ക് ഉണ്ട്. സ്പീക്കര്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്യുന്നത്. ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നും ധവാന്‍ പറഞ്ഞു.