കരുണാനിധിയുടെ നില അതീവ ഗുരുതരം; ചെന്നൈയില്‍ സുരക്ഷ ശക്തമാക്കി
ചെന്നൈ: ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുന് മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ നില അതീവ ഗുരുതരം. ചെന്നൈ കാവേരി ആശുപത്രി പുറത്തുവിട്ട മെഡിക്കല് ബുള്ളറ്റിനിലാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യനില കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി മോശമായിക്കൊണ്ടിരിക്കുകയാണെന്നും അവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയില്‍ ആയിക്കൊണ്ടിരിക്കുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിന് പറയുന്നു.
ഇതോടെ കാവേരി ആശുപത്രിയിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രവാഹം ആരംഭിച്ചു. ഒട്ടേറെ സ്ത്രീകള്‍ ആശുപത്രിക്ക് പുറത്ത് കാത്തു നില്‍ക്കുകയാണ്. ആശുപത്രി പരിസരത്തും ചെന്നൈ നഗരത്തിലും പോലീസ് സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ചു. കരുണാനിധിയുടെ മകനും പാര്‍ട്ടി വൈസ് പ്രസിഡന്റുമായ എം.കെ സ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി കൂടിക്കാഴ്ച നടത്തി.

കനിമൊഴി, എം കെ അഴഗിരി, ടിആര്‍.ബാലു തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
10 ദിവസമായി കരുണാനിധി കാവേരി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടയ്ക്ക് ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും പിന്നീട് വീണ്ടും വഷളാകുകയായിരുന്നു.