കാശമീരും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍; രാഷ്ട്രപതിയുടെ വിജ്ഞാപനം പുറത്ത്

ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി ഇല്ലാതാക്കുന്ന രാഷ്ട്രപതിയുടെ വിജ്ഞാപനം പുറത്ത്.
 | 
കാശമീരും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍; രാഷ്ട്രപതിയുടെ വിജ്ഞാപനം പുറത്ത്

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി ഇല്ലാതാക്കുന്ന രാഷ്ട്രപതിയുടെ വിജ്ഞാപനം പുറത്ത്. ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളയാനുള്ള പ്രമേയം ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിജ്ഞാപനം പുറത്തു വന്നത്. ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി ഇതോടെ റദ്ദാക്കി. കാശ്മീരും ലഡാക്കും കേന്ദ്ര ഭരണ പ്രദേശങ്ങളായി പ്രഖ്യാപിച്ചു. ലഡാക്കില്‍ നിയമസഭയുണ്ടാവില്ല.

ജമ്മു കാശ്മീരില്‍ നിയമസഭയുണ്ടാകുമെങ്കിലും പൂര്‍ണ്ണ അധികാരങ്ങള്‍ ഉണ്ടാവില്ല. പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ രാജ്യത്തെ എല്ലാ ഭരണഘടനാ വ്യവസ്ഥകളും നിയമങ്ങളും ജമ്മു കാശ്മീരിന് ബാധകമാകും. രാവിലെ പ്രതിപക്ഷ ബഹളത്തിനിടെയാണ് അമിത് ഷാ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള പ്രമേയം അവതരിപ്പിച്ചത്. ഇതിന് മുന്നോടിയായി ആഭ്യന്തരമന്ത്രി അമിത്ഷായുമായി മോദി കൂടിക്കാഴ്ച നടത്തി. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരെ വീട്ടുതടങ്കലിലാക്കി

കാശ്മീര്‍ താഴ്‌വരയിലും രജൗറി, ഉധംപൂര്‍ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങളും വിച്ഛേദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല. കാശ്മീരില്‍ കഴിഞ്ഞയാഴ്ച മുതല്‍ സൈനിക വിന്യാസം ശക്തമാക്കിയിരുന്നു.