30 വര്‍ഷം മുമ്പ് 200 രൂപയ്ക്ക് കടക്കാരനായി; തിരിച്ചു നല്‍കാന്‍ കെനിയന്‍ എംപി ഇന്ത്യയില്‍

30 വര്ഷം മുമ്പുള്ള കടം വീടാന് കെനിയന് എംപി ഔറംഗാബാദിലെത്തി
 | 
30 വര്‍ഷം മുമ്പ് 200 രൂപയ്ക്ക് കടക്കാരനായി; തിരിച്ചു നല്‍കാന്‍ കെനിയന്‍ എംപി ഇന്ത്യയില്‍

ഔറംഗാബാദ്: 30 വര്‍ഷം മുമ്പുള്ള കടം വീടാന്‍ കെനിയന്‍ എംപി ഔറംഗാബാദിലെത്തി. കാശിനാഥ് ഗാവ്‌ലി എന്നയാളില്‍ നിന്ന് വാങ്ങിയ 200 രൂപ തിരിച്ചു നല്‍കാനാണ് കെനിയന്‍ പാര്‍ലമെന്റ് അംഗമായ റിച്ചാര്‍ഡ് ടോംഗി എത്തിയത്. കെനിയയിലെ പ്രതിരോധ-വിദേശകാര്യ സമിതി ഉപ മേധാവിയായ ടോംഗി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കാണ് ഇന്ത്യയിലെത്തിയത്. ഇതിനു ശേഷം ഭാര്യ മിഷേലയോടൊപ്പം കാശിനാഥ് ഗാവ്‌ലിയെ കാണാന്‍ ഔറംഗാബാദില്‍ എത്തുകയായിരുന്നു.

1985-89 കാലത്ത് ഔറംഗാബാദിലെ മൗലാന ആസാദ് കോളേജില്‍ മാനേജ്‌മെന്റ് പഠനത്തിന് എത്തിയതായിരുന്നു ടോംഗി. പഠനകാലത്ത് ഗാവ്‌ലി ടോംഗിയെ സഹായിച്ചിരുന്നു. വാംഖ്ഡെനഗറില്‍ ഗാവ്‌ലി നടത്തിയിരുന്ന പച്ചക്കറിക്കടയില്‍ നിന്ന് കടം വാങ്ങിയതില്‍ 200 രൂപ നല്‍കാന്‍ കഴിയാതെയായിരുന്നു ടോംഗി മടങ്ങിയത്. ഇത് നല്‍കാനാണ് ടോംഗിയെത്തിയത്. എന്നാല്‍ പണം വാങ്ങാന്‍ ഗാവ്‌ലി തയ്യാറായില്ല. ഇതോടെ ടോംഗി ഗാവ്‌ലിയുടെ മക്കള്‍ക്ക് 9,200 രൂപ മൂല്യം വരുന്ന യൂറോ സമ്മാനിച്ചു. തിങ്കളാഴ്ചയായിരുന്നു കൂടിക്കാഴ്ച.

കഴിഞ്ഞ 30 വര്‍ഷം ഇവര്‍ തമ്മില്‍ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. വീട്ടിലെത്തിയ ടോംഗിയെ ഗാവ്‌ലിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പിന്നീട് പഴയ കാല ഓര്‍മകള്‍ പങ്കുവെച്ച് ടോംഗിക്കും ഭാര്യക്കും വീട്ടില്‍ നിന്ന് ഭക്ഷണവും സമ്മാനങ്ങളും നല്കിയാണ് ഗാവ്‌ലി യാത്രയാക്കിയത്.