സ്‌കൂള്‍ വിദ്യാഭ്യാസ നിലവാരം; കേരളം രാജ്യത്ത് ഒന്നാമത്, ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്

ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരത്തില് കേരളം ഒന്നാം സ്ഥാനത്ത്. നീതി ആയോഗിന്റെ സ്‌കൂള്‍ വിദ്യാഭ്യാസ നിലവാര ഇന്‍ഡെക്‌സിലാണ് കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഉടന്‍ തന്നെ ഈ കണക്ക് പുറത്തു വിടും. വിദ്യാഭ്യാസ നിലവാരത്തില്‍ രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ കര്‍ണാടകയ്ക്ക് മൂന്നാം സ്ഥാനമാണ് ഉള്ളത്. ഉത്തര്‍പ്രദേശ് പട്ടികയില്‍ ഏറ്റവും പിന്നിലാണ്.
വിദ്യാര്‍ത്ഥികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള 29 മാനദണ്ഡങ്ങളും മാനേജ്‌മെന്റ്, ഭരണം എന്നിവയുടെ അടിസ്ഥാനത്തില്‍ 15 മാനദണ്ഡങ്ങളുമാണ് വിദ്യാഭ്യാസ നിലവാര ഇന്‍ഡെക്‌സില്‍ പരിശോധനാ വിധേയമാക്കുന്നത്. റാങ്കിംഗ് നിശ്ചയിക്കുന്നത് വിദ്യാഭ്യാസ നിലവാരം, ്‌വയുടെ ലഭ്യത, അടിസ്ഥാന സൗകര്യം, അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്. 2016-17 വര്‍ഷത്തെ ഇന്‍ഡെക്‌സ് ആണ് ഇപ്പോള്‍ മന്ത്രാലയം പുറത്തു വിടാന്‍ ഒരുങ്ങുന്നത്.
ലോക ബാങ്ക്, മറ്റ് സാങ്കേതിക വിദഗ്ദ്ധര്‍ എന്നിവരുടെ സഹായത്തോടെയാണ് നീതി ആയോഗ് ഇത് തയ്യാറാക്കിയിരിക്കുന്നത്. താരതമ്യ പഠനത്തിനായി വലിയ സംസ്ഥാനങ്ങള്‍, ചെറിയ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചാണ് പഠനം നടത്തിയത്.