പ്രളയകാലത്ത് നല്‍കിയ ഭക്ഷ്യവസ്തുക്കള്‍ സൗജന്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍; പണമീടാക്കുമെന്ന് മന്ത്രി പാസ്വാന്‍
ന്യൂഡല്‍ഹി: പ്രളയകാലത്ത് സംസ്ഥാനത്തിന് അനുവദിച്ച അരി സൗജന്യമല്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്ക്കാര്. കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാനാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിന് നല്കിയ അരിയുടെ വില ദുരിതാശ്വാസ സഹായത്തില് നിന്ന് ഈടാക്കുമെന്ന് മന്ത്രി അറിയിച്ചു. കെ.കെ.രാഗേഷ് എംപിയെയാണ് രേഖാമൂലം ഇക്കാര്യം അറിയിച്ചത്.
89,540 ടണ്‍ അരിയാണ് കേരളത്തിന് പ്രളയകാലത്ത് അധികമായി അനുവദിച്ചത്. ഒരു കിലോ അരിക്ക് 25 രൂപ എന്ന നിരക്കില്‍ 233 കോടി രൂപ ഇതിന് നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. കേരളം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 21നാണ് അരി നല്‍കിയത്. അരി നല്‍കുന്നത് സൗജന്യമാണെന്ന് ആദ്യം അറിയിച്ച കേന്ദ്രം പിന്നീട് ഇതിന് വിലയീടാക്കുമെന്ന് വ്യക്തമാക്കി.
ഇത് വിവാദമാകുകയും ചെയ്തിരുന്നു. കേന്ദ്രം വില നിശ്ചയിച്ചു നല്‍കാത്തതിനാല്‍ കേരളം അരി ഏറ്റെടുക്കാന്‍ വൈകുകയും ചെയ്തു. വിലയുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രി രേഖാമൂലം മറുപടി നല്‍കിയിരിക്കുന്നത്.