കേരളം യുപിയിലെ ആശുപത്രികളെ മാതൃകയാക്കണം; യോഗി ആദിത്യനാഥ്
കണ്ണൂര്‍: കേരളം ഉത്തര്പ്രദേശിലെ ആശുപത്രികളെ മാതൃകയാക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനരക്ഷായാത്രയില് പങ്കെടുക്കാനെത്തിയ ആദിത്യനാഥ് മാധ്യമങ്ങളോട് സംസാരിക്കുമ്പോളാണ് ഇക്കാര്യം പറഞ്ഞത്. പകര്ച്ചപ്പനി ബാധിച്ച് നിരവധി പേര് മരിച്ച സംഭവത്തിലാണ് ആദിത്യനാഥ് കേരളത്തിന് മാതൃക നിര്‍ദേശിച്ചത്.
പകര്‍ച്ചപ്പനിക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യമാണ്. ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയും നാടിന് ഭീഷണിയാണെന്നും ആദിത്യനാഥ് പറഞ്ഞു. കേരളത്തിലെത്തിയ ആദിത്യനാഥ് സംസ്ഥാനത്തെ ആശുപത്രികള്‍ സന്ദര്‍ശിച്ച് പഠിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. ട്വിറ്ററില്‍ സിപിഎം നേതൃത്വം പോസ്റ്റ് ചെയ്ത പരിഹാസത്തോടുള്ള ആദിത്യനാഥിന്റെ പ്രതികരണമായിരുന്നു ഇത്.
യുപിയില്‍ ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ മെഡിക്കല്‍ കോളേജില്‍ നൂറോളം കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത് അടുത്തിടെയാണ്. ഇത് ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയും യുപിയിലെ ആരോഗ്യമേഖലയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.