ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത് കൊടിക്കുന്നില്‍; സ്വന്തം ഭാഷയിലായിക്കൂടേയെന്ന് സോണിയ
ന്യൂഡല്‍ഹി: ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത് ലോക്സഭയിലെ മുതിര്ന്ന കോണ്ഗ്രസ് എംപിമാരില് ഒരാളായ കൊടിക്കുന്നില് സുരേഷ്. മാതൃഭാഷയായ മലയാളത്തിലോ ഇംഗ്ലീഷിലോ ആയിരിക്കും കൊടിക്കുന്നില്‍ സത്യപ്രതിജ്ഞ ചെയ്യുകയെന്നായിരുന്നു കരുതിയതെങ്കിലും ഹിന്ദിയിലായിരുന്നു കൊടിക്കുന്നില്‍ സത്യവാചകം ചൊല്ലിയത്. ബിജെപി പ്രവര്‍ത്തകര്‍ കൊടിക്കുന്നിലിന്റെ ഹിന്ദിക്ക് കയ്യടിച്ചപ്പോള്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ സോണിയ ഗന്ധി ശകാരിക്കുകയായിരുന്നു ചെയ്തത്.
സ്വന്തം ഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്തുകൂടേയെന്ന് സോണിയ ചോദിച്ചു. ഇതോടെ ഹിന്ദിയില്‍ സത്യവാചകം ചൊല്ലാന്‍ തയ്യാറായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താനും വി.കെ.ശ്രീകണ്ഠനും തീരുമാനം മാറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ശേഷം രണ്ടാമതായി കൊടിക്കുന്നിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
അതേസമയം കേരളത്തില്‍ നിന്നുള്ള ഏക ഇടതുപക്ഷ എംപിയായ എ.എം.ആരിഫ് മലയാളത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഹസ്തദാനം നല്‍കിയതിനു ശേഷമായിരുന്നു ആരിഫിന്റെ സത്യപ്രതിജ്ഞ.