കൊൽക്കത്ത കേസ്: മുൻ പ്രിൻസിപ്പലിന്റെ മൊഴിയിൽ പൊരുത്തക്കേടുകൾ; നുണപരിശോധന നടത്താൻ സിബിഐ

 | 
calcutta doctor murder


ആർ.ജി.കാർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സഞ്ജയ് ഘോഷിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ സിബിഐ. സഞ്ജയ് ഘോഷിന്റെ മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നും അതിനാൽ നുണപരിശോധന വേണ്ടിവരുമെന്നും സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. നുണപരിശോധന നടത്താൻ സിബിഐയ്ക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സഞ്ജയ് ഘോഷിനെ സിബിഐ ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു.


കൊലപാതക വിവരം അറിഞ്ഞപ്പോൾ എന്തായിരുന്നു സഞ്ജയുടെ പ്രതികരണമെന്ന് ചോദ്യംചെയ്യലിനിടെ സിബിഐ ചോദിച്ചുെവന്നാണ് വിവരം. മൃതദേഹം കാണിക്കുന്നതിന് മുൻപ് മൂന്നുമണിക്കൂറോളം യുവതിയുടെ മാതാപിതാക്കളെ എന്തിനു കാത്തുനിർത്തി, കൊലപാതക വിവരം അറിഞ്ഞശേഷം ആദ്യം വിളിച്ചതാരെ, യുവതി മരിച്ചുകിടന്ന സെമിനാർ ഹാളിനടുത്ത് അറ്റകുറ്റപ്പണി നടത്താൻ അനുവാദം നൽകിയതാര് തുടങ്ങിയ ചോദ്യങ്ങളും സിബിഐ സഞ്ജയ് ഘോഷിനോട് ചോദിച്ചു. 

ഘോഷിന്റെ ഉത്തരങ്ങൾ വീണ്ടും ഉറപ്പിക്കേണ്ടതുണ്ട്. ചില ഉത്തരങ്ങളിൽ വൈരുധ്യമുണ്ട്. അതുകൊണ്ട് നുണ പരിശോധന നടത്തണമെന്നാണ് തീരുമാനം’–സിബിഐ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.