ലോട്ടറി വില്‍പനക്കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി പിടിയില്‍
കോട്ടയം: കോട്ടയം മെഡിക്കല് കോളേജ് വളപ്പില് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. ലോട്ടറി വില്‍പ്പനക്കാരിയായിരുന്ന പൊന്നമ്മയാണ് മരിച്ചത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന സത്യനെ പോലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണ്ണവും പണവും കൈക്കലാക്കാനാണ് പൊന്നമ്മയെ സത്യന്‍ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് കത്തിക്കരിഞ്ഞ നിലയില്‍ മെഡിക്കല്‍ കോളേജ് ക്യാന്‍സര്‍ വാര്‍ഡിന് സമീപമുള്ള കാട്ടില്‍ പൊന്നമ്മയുടെ മൃതദേഹം കണ്ടെത്തിയത്.
പിന്നീട് നടന്ന അന്വേഷണത്തിലാണ കൊല്ലപ്പെട്ടത് പൊന്നമ്മയാണെന്ന സംശയം ഉയര്‍ന്നത്. പിന്നീട് പൊന്നമ്മയുടെ മകള്‍ സാരി കണ്ട് തിരിച്ചറിയുകയായിരുന്നു. രണ്ടാഴ്ചയോളം പഴക്കമുള്ള മൃതദേഹം ജീര്‍ണ്ണിച്ചിരുന്നതിനാല്‍ ശാസ്ത്രീയ പരിശോധനകള്‍ കൂടി പൂര്‍ത്തിയാക്കിയാണ് പൊന്നമ്മയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്. തലക്കടിയേറ്റാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.
40,000 രൂപയും 10 പവന്‍ സ്വര്‍ണ്ണവും ഇവരുടെ കൈവശം ഉണ്ടായിരുന്നുവെന്ന് മകള്‍ പോലീസിനോട് പറഞ്ഞിരുന്നു. വര്‍ഷങ്ങളായി മെഡിക്കല്‍ കോളേജ് പരിസരത്ത് ലോട്ടറി കച്ചവടം നടത്തിയിരുന്ന ഇവര്‍ ആഴ്ചയിലൊരിക്കലാണ് തൃക്കൊടിത്താനത്തുള്ള വീട്ടില്‍ എത്തിയിരുന്നത്.