ലഖിംപൂര്‍ ഖേരി; മന്ത്രിപുത്രനെ സംഭവ സ്ഥലത്തെത്തിച്ചു; രംഗങ്ങള്‍ പുനരാവിഷ്‌കരിച്ച് പോലീസ്
ലഖിംപൂര്‍ ഖേരി സംഭവത്തില്‍ പ്രതിയായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പോലീസ് വാഹനങ്ങള്‍ ഉപയോഗിച്ച് സംഭവം പുനരാവിഷ്‌കരിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ആശിഷ് മിശ്രയെയും കുട്ടുപ്രതി അങ്കിത് ദാസിനെയും സ്ഥലത്ത് എത്തിച്ചിരുന്നു. റോഡില്‍ സ്ഥാപിച്ച ഡമ്മികള്‍ക്ക് ഇടയിലേക്ക് പോലീസ് വാഹനം ഇടിച്ചു കയറ്റിയാണ് രംഗം പുനരാവിഷ്‌കരിച്ചത്.
കര്‍ഷക പ്രതിഷേധത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയ സംഭവത്തില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു. പിന്നീടുണ്ടായ പ്രതിഷേധത്തില്‍ മറ്റ് മൂന്നു പേര്‍ കൂടി കൊല്ലപ്പെട്ടു. സംഭവത്തില്‍ ആശിഷിനെ കഴിഞ്ഞയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാം പ്രതിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നെങ്കിലും ഏഴ് ദിവസത്തോളം ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല.
അറസ്റ്റിന് ശേഷം പോലീസ് കസ്റ്റഡിയില്‍ വിട്ട പ്രതിയെ അന്വേഷണ സംഘം 12 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ സുപ്രീം കോടതി ഇടപെടല്‍ ഉണ്ടായതിന് ശേഷമാണ് പ്രതി പോലീസിന് മുന്നില്‍ ഹാജരായത്.