ചൂതാട്ടവും വാതുവെയ്പ്പും നിയമപരമാക്കാമെന്ന് ശുപാര്‍ശ; ഗെയിമിങ്ങില്‍ വിദേശ നിക്ഷേപം അനുവദിക്കണമെന്ന് ലോ കമ്മീഷന്‍

രാജ്യത്ത് വാതുവെയ്പ്പും ചൂതാട്ടവും നിയമപരമാക്കാമെന്ന് ശുപാര്ശ. ലോ കമ്മീഷന് ഓഫ് ഇന്ത്യയാണ് കേന്ദ്ര സര്ക്കാരിന് ഈ ശുപാര്ശ നല്കിയിരിക്കുന്നത്. ഗെയിമിങ്ങിലും കാസിനോകളിലും നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുവാദം നല്കണമെന്നും കമ്മീഷന് ശുപാര്ശ ചെയ്തു. ജസ്റ്റിസ് ബി.എസ്.ചൗഹാന് അധ്യക്ഷനായ സമിതിയാണ് നിര്ദേശം നല്കിയത്.
 | 

ചൂതാട്ടവും വാതുവെയ്പ്പും നിയമപരമാക്കാമെന്ന് ശുപാര്‍ശ; ഗെയിമിങ്ങില്‍ വിദേശ നിക്ഷേപം അനുവദിക്കണമെന്ന് ലോ കമ്മീഷന്‍

ന്യൂഡല്‍ഹി: രാജ്യത്ത് വാതുവെയ്പ്പും ചൂതാട്ടവും നിയമപരമാക്കാമെന്ന് ശുപാര്‍ശ. ലോ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് കേന്ദ്ര സര്‍ക്കാരിന് ഈ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഗെയിമിങ്ങിലും കാസിനോകളിലും നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുവാദം നല്‍കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ജസ്റ്റിസ് ബി.എസ്.ചൗഹാന്‍ അധ്യക്ഷനായ സമിതിയാണ് നിര്‍ദേശം നല്‍കിയത്.

കര്‍ശനമായ വ്യവസ്ഥകളോടെ വേണം ഇവ നടപ്പിലാക്കാനെന്നാണ് ശുപാര്‍ശ. കമ്മീഷനംഗം ഡോ.എസ്.ശിവകുമാറിന്റെ വിയോജനക്കുറിപ്പോടെയാണ് സമിതി നിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നത്. ഈ ശുപാര്‍ശ അനാവശ്യമാണെന്നും അനാരോഗ്യകരമായ ചര്‍ച്ചയ്ക്ക് വഴിവെക്കുമെന്നുമാണ് ശിവകുമാര്‍ പറയുന്നത്. ക്രിക്കറ്റ് വാതുവെയ്പ്പ് വിവാദമായപ്പോളാണ് വിഷയം പഠിക്കാന്‍ സുപ്രീം കോടതി കമ്മീഷനോട് നിര്‍ദേശിച്ചത്.

സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് മുദ്ഗല്‍ സമിതിയും ജസ്റ്റിസ് ലോധ സമിതിയും വാതുവയ്പ് നിയമപരമാക്കുന്നതിനെ അനുകൂലിച്ചിരുന്നു. ചൂതാട്ടവും വാതുവയ്പും നിയമപരമാക്കുന്നത് ഉചിതമല്ലെങ്കിലും അവ നിരോധിച്ചാല്‍ നിയന്ത്രണം ഫലപ്രദമാകാത്ത വിധത്തില്‍ പെരുകുമെന്നാണ് കമ്മീഷന്‍ പറയുന്നത്. ധനികര്‍ക്ക് വേണ്ടി ശരിയായ ചൂതാട്ടം, ചെറിയ വരുമാനക്കാര്‍ക്കു ചെറിയതരം ചൂതാട്ടം എന്നിങ്ങനെ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നാണ് പ്രധാന ശുപാര്‍ശ.

ഇതു കൂടാതെ സര്‍ക്കാര്‍ ഇളവുകള്‍ വാങ്ങുന്നവരെയും ആദായനികുതി, ജിഎസ്ടി എന്നിവയുടെ പരിധിയില്‍ വരാത്തവരെയും ചൂതാടാന്‍ അനുവദിക്കരുത്. ചൂതാട്ടത്തില്‍ മുടക്കാവുന്ന പണത്തിനും എത്ര തവണ പങ്കെടുക്കാമെന്നതിനും പരിധികള്‍ കൊണ്ടുവരണം. കറന്‍സി ഇടപാട് പാടില്ല, പാന്‍, ആധാര്‍ എന്നിവ ബന്ധിപ്പിച്ച് മാത്രമേ ഇടപാടുകള്‍ പാടുള്ളു. വാതുവെയ്പ്പില്‍ നിന്നുള്ള വരുമാനത്തിന് നികുതി ഏര്‍പ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളും കമ്മീഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്.