കത്വവ കേസിൽ ഇരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകയെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നിന്ന് ഇറക്കി വിടാന്‍ ശ്രമം

ശ്രീനഗര്‍: കത്വവ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷക ദീപിക സിംഗിനെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമം. കത്വവ കേസ് ഏറ്റെടുത്തതിന് ശേഷം വധഭീഷണികള്‍ നേരിട്ടതിനെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മെഹബൂബ മുഫ്തിയാണ് ദീപികയ്ക്ക് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയത്. എന്നാല്‍ കശ്മീരില്‍ ഗവര്‍ണര്‍ ഭരണം നിലവില്‍ വന്നതോടെ കാര്യങ്ങള്‍ പ്രതികൂലമാവുകയായിരുന്നു. ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് ഉടന്‍ ഒഴിയണമെന്ന് ദീപികയ്ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.
നിലവില്‍ കത്വവ പീഡനക്കേസില്‍ നിന്ന് ദീപിക സിംഗിനെ മാറ്റിയിട്ടുണ്ട്. കത്വവ കേസ് വാദിക്കുന്നില്ലെങ്കിലും വധഭീഷമികള് തുടരുകയാണെന്ന് ദീപിക പറയുന്നു. പുതിയ വാടക വീടിനായി ശ്രമം നടത്തിയെങ്കിലും ലഭിച്ചില്ല. തനിക്കും ആറ് വയസുകാരിയായ മകള്‍ക്കും താമസിക്കാന്‍ വാടക വീട് തരാന്‍ ആരും തയ്യാറാകുന്നില്ലെന്ന് ദീപിക പറയുന്നു. ഏത് നിമിഷവും ആക്രമണമുണ്ടാകാമെന്നതിനാല് വീട് തരാന്‍ ഉടമസ്ഥര്‍ തയ്യാറാവുന്നില്ല. താനും മകളും തെരുവിലേക്കിറങ്ങേണ്ടി വരുമെന്നാണ് ഭയമെന്നും ദീപിക പറയുന്നു.

ദീപികയുടെയും മകളുടെയും സുരക്ഷയ്ക്കായി മൂന്ന് പേര്‍സണല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് മകളുടെ സുരക്ഷ ഗാര്‍ഡിന് സര്‍ക്കാര്‍ ഒഴിവാക്കി. സുരക്ഷാപ്രശ്നം ഇപ്പോഴും നിലനില്ക്കുന്നുണ്ടായിട്ടും ഗാര്‍ഡിനെ മാറ്റിയത് ശരിയായ നടപടിയല്ലെന്ന് ദീപിക പ്രതികരിച്ചു. കത്വവ കേസ് ദേശീയ ശ്രദ്ധയാകര്‍ശിച്ചത് ദീപികയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു. പിന്നാലെയാണ് വധ ഭിഷണിയുമായി ചിലരെത്തിയത്.