പാകിസ്ഥാന്‍ പൗരന്മാര് 48 മണിക്കൂറിനുള്ളില് ജില്ല വിടണമെന്ന് ബിക്കാനീര്‍ ജില്ലാ ഭരണകൂടം
ജയ്പൂര്‍: പാകിസ്ഥാന്‍ പൗരന്മാര് 48 മണിക്കൂറിനുള്ളില് ജില്ല വിടണമെന്ന് രാജസ്ഥാനിലെ ബിക്കാനീര് ജില്ലാ ഭരണകൂടം. ജില്ലാ കളക്ടറാണ് തിങ്കളാഴ്ച ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സിആര്പിസിയുടെ 144-ാം വകുപ്പ് അനുസരിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. ഇതനുസരിച്ച് പാകിസ്ഥാന് പൗരന്മാര്ക്ക് താമസ സൗകര്യം നല്കുന്നതില് നിന്ന് ഹോട്ടലുകള്ക്കും ലോഡ്ജുകള്ക്കും വിലക്കേര്പ്പെടുത്തിയിട്ടുണ്ട്.
പാകിസ്ഥാന്‍ കാരുമായി ഒരു തരത്തിലുള്ള ബന്ധവും പുലര്‍ത്തരുതെന്ന് സ്വദേശികള്‍ക്കും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൈന്യത്തെ സംബന്ധിച്ചുള്ള വിവരങ്ങളോ പ്രകോപനകരമായ കാര്യങ്ങളോ അപരിചിതരുമായി ഒരു തരത്തിലും കൈമാറരുതെന്നും നിര്‍ദേശമുണ്ട്. പാകിസ്ഥാനില്‍ നിന്നെടുത്ത സിംകാര്‍ഡുകള്‍ ആരും ഉപയോഗിക്കരുതെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.
രണ്ടു മാസത്തേക്കാണ് വിലക്ക്. എന്നാല്‍ ഫോറിന്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമാകില്ല. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ആക്രമണത്തെത്തുടര്‍ന്ന് സൗഹൃദ രാഷ്ട്ര പദവിയില്‍ നിന്ന് ഇന്ത്യ പാകിസ്ഥാനെ ഒഴിവാക്കിയിരുന്നു.