തെരഞ്ഞെടുപ്പിന് ശേഷം 40 തൃണമൂല്‍ എം.എല്‍.എമാര്‍ ബി.ജെ.പിയിലെത്തും; അവകാശവാദവുമായി മോഡി

മമത ബാനര്ജിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് മോഡി പ്രതികരിച്ചത്. 40 എം.എല്.എമാര് ബി.ജെ.പിയുമായി ബന്ധപ്പെട്ട് കഴിഞ്ഞതായും മോഡി അവകാശപ്പെട്ടു.
 | 
തെരഞ്ഞെടുപ്പിന് ശേഷം 40 തൃണമൂല്‍ എം.എല്‍.എമാര്‍ ബി.ജെ.പിയിലെത്തും; അവകാശവാദവുമായി മോഡി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിലെ 40 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബി.ജെ.പിയിലെത്തുമെന്ന് അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. സെരംപോറില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംഭോധന ചെയ്ത് സംസാരിക്കവെയാണ് മോഡിയുടെ പ്രഖ്യാപനം. ആരൊക്കെയാണ് കൂറുമാറുന്നതെന്ന് വെളിപ്പെടുത്താന്‍ മോഡി തയ്യാറായിട്ടില്ല. മമത ബാനര്‍ജിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് മോഡി പ്രതികരിച്ചത്. 40 എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ബന്ധപ്പെട്ട് കഴിഞ്ഞതായും മോഡി അവകാശപ്പെട്ടു.

‘ദീദി, മെയ് 23 ന് ഫലപ്രഖ്യാപനം വരുമ്പോള്‍ എല്ലായിടത്തും താമര വിരിയും. നിങ്ങളുടെ എംഎല്‍എമാര്‍ നിങ്ങളില്‍ നിന്ന് അകലും. ഇന്നുപോലും, നിങ്ങളുടെ 40എംഎല്‍എമാര്‍ എന്നെ വിളിച്ചിരുന്നുവെന്നും മോഡി പറഞ്ഞു. ജനങ്ങളെ ചതിച്ചതിനാല്‍ മുഖ്യമന്ത്രിയായി തുടരാന്‍ മമതാ ബാനര്‍ജിക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും മോഡി ആരോപിച്ചു.

തെരഞ്ഞെടുപ്പിനിടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകള്‍ ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിക്കുകയാണ്. വോട്ട് ചെയ്യുന്നതില്‍ നിന്നും അവര്‍ ജനങ്ങളെ തടയുകയാണ്. ബി.ജെ.പിയെ ജനാതിപത്യ രീതിയില്‍ പ്രചാരണം നടത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്നും മോഡി ആരോപിച്ചു. മോഡിയുടെ അവകാശവാദത്തോട് തൃണമൂല്‍ നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.