ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; കരുനീക്കങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാഷ്ട്രീയ കരുനീക്കങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ രാജ്യത്തെ ബി.ജെ.പി ഇതര കക്ഷികളുമായി ചര്‍ച്ച നടത്തിയേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ ഫലം പൂര്‍ണമായും പുറത്തുവന്നതിന് ശേഷം മതി കൂടിക്കാഴ്ച്ചയെന്ന് തീരുമാനിക്കുകയായിരുന്നു.
എക്‌സിറ്റ് പോള് ഫലം എന്.ഡി.എ പാളയത്തില് ആത്മവിശ്വാസം വര്ധിപ്പിച്ചിട്ടുണ്ടെങ്കിലും സഖ്യകക്ഷികളുമായി ചര്ച്ച നടത്താനുള്ള കരുനീക്കങ്ങള് ബി.ജെ.പിയും ആരംഭിച്ചതായാണ് സൂചന. ചന്ദ്ര ബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ബി.ജെ.പി ഇതര കക്ഷികളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ചര്‍ച്ചകള്‍ക്കായി സോണിയാ ഗാന്ധിയും കളത്തിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ സാഹചര്യത്തില്‍ ബി.ജെ.പിയെ താഴെയിറക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമം. ചര്‍ച്ചകള്‍ വിജയിച്ചാല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും സൂചനയുണ്ട്. ടിഡിപി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവാണ് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള കരുനീക്കങ്ങള്‍ക്ക് ഈ ഘട്ടത്തില്‍ ചുക്കാന്‍ പിടിക്കുന്നത്. കിംഗ് മേക്കര്‍ റോളിലേക്ക് നായിഡു വന്നാല്‍ അത് കോണ്‍ഗ്രസിനും ഗുണം ചെയ്യും. ഇക്കാര്യത്തില്‍ മായവതിയുടെ തീരുമാനവും നിര്‍ണായകമാവും.
തൃണമൂല്‍ കോണ്‍ഗ്രസുമായും ചര്‍ച്ചകള്‍ നടക്കുന്നതായാണ സൂചന. രാജ്യത്തെ ബി.ജെ.പി ഇതര ചേരികളെ ഒന്നിച്ച് നിര്‍ത്തിയാല്‍ ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് സൂചിപ്പിച്ച് നേരത്തെ മമത ബാനര്‍ജിയും രംഗത്ത് വന്നിരുന്നു. മറുവശത്തും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇന്നലെ രാത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ അശോക ഹോട്ടലില്‍ നടത്തിയ യോഗത്തിലും പിന്നീട് ഒരുക്കിയ വിരുന്നിലും 36 എന്‍ഡിഎ സഖ്യകക്ഷികളുടെ പ്രതിനിധികള്‍ നേരിട്ട് പങ്കെടുത്തിരുന്നു.