ബിജെപി എംഎല്‍എയുടെ വാദം അംഗീകരിച്ചു; മധ്യപ്രദേശില്‍ ചിക്കനും പാലും ഒരുമിച്ച് വില്‍ക്കില്ല

ചിക്കനും പാലും ഒരേ കടകളില് വില്ക്കാനുള്ള തീരുമാനം മതവിശ്വാസത്തിന് എതിരാണെന്ന ബിജെപി എംഎല്എയുടെ വാദം അംഗീകരിച്ച് മധ്യപ്രദേശിലെ കോണ്ഗ്രസ് സര്ക്കാര്.
 | 
ബിജെപി എംഎല്‍എയുടെ വാദം അംഗീകരിച്ചു; മധ്യപ്രദേശില്‍ ചിക്കനും പാലും ഒരുമിച്ച് വില്‍ക്കില്ല

ഭോപ്പാല്‍: ചിക്കനും പാലും ഒരേ കടകളില്‍ വില്‍ക്കാനുള്ള തീരുമാനം മതവിശ്വാസത്തിന് എതിരാണെന്ന ബിജെപി എംഎല്‍എയുടെ വാദം അംഗീകരിച്ച് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ചിക്കനും പാലും വില്‍ക്കുന്നതിനായി വ്യത്യസ്ത പാര്‍ലറുകള്‍ തുടങ്ങുമെന്ന് മധ്യപ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലഖന്‍ സിങ് യാദവ് അറിയിച്ചു. ബിജെപി വാദത്തില്‍ നിന്ന് ഒരു പടികൂടി കടന്നാണ് പുതിയ തീരുമാനം. ഇതനുസരിച്ച് ചിക്കന്‍ വില്‍ക്കുന്ന പാര്‍ലറുകളും പാല്‍ വില്‍ക്കുന്ന ബൂത്തുകളും തമ്മില്‍ ദൂരപരിധിയും ഉണ്ടായിരിക്കും. പാല്‍ ബൂത്തിന് സമീപത്തെങ്ങും മാംസം വില്‍ക്കുന്ന കടകള്‍ കാണില്ലെന്ന് ഉറപ്പു വരുത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍.

ഇക്കാര്യത്തില്‍ ഔദ്യോഗിക ഉത്തരവുകളൊന്നും പുറത്തു വന്നിട്ടില്ലെങ്കിലും ഉടന്‍ തന്നെ നടപ്പാക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചിലയാളുകള്‍ എതിര്‍പ്പ് അറിയിച്ചതിനാല്‍ ചിക്കനും പശുവിന്‍ പാലും വ്യത്യസ്ത പാര്‍ലറുകളില്‍ വില്‍ക്കാനാണ് തീരുമാനമെന്നാണ് മന്ത്രി വിശദീകരിച്ചത്. ഹിന്ദു, ബുദ്ധ, ജൈന, സനാതന ധര്‍മ്മ വിശ്വാസികള്‍ പാല്‍ ശുദ്ധമായ വസ്തുവായാണ് കരുതുന്നതെന്നും ദൈവങ്ങള്‍ക്ക് നല്‍കുന്നതാണ് ഇതെന്നും ബിജെപി എംഎല്‍എ രാമേശ്വര്‍ ശര്‍മ്മയാണ് പറഞ്ഞത്. അതു കൊണ്ട് തന്നെ പാലും ചിക്കനും ഒരേ കടയില്‍ വില്‍ക്കരുതെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.

നവരാത്രിക്ക് മുന്‍പായി ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കണമെന്നും ശര്‍മ ആവശ്യമുന്നയിച്ചു. ഇവ വ്യത്യസ്ത കടകളില്‍ വില്‍ക്കുകയും കടകള്‍ തമ്മില്‍ അകലം പാലിച്ചിരിക്കണമെന്നും ശര്‍മ ആവശ്യപ്പെട്ടിരുന്നു. ജാബുവ, അലിരാജ്പൂര്‍ ജില്ലകളില്‍ ആദിവാസി സ്ത്രീകളുടെ സഹകരണ സംഘങ്ങള്‍ വളര്‍ത്തുന്ന കടക്‌നാഥ് ചിക്കന് മാര്‍ക്കറ്റ് ലഭിക്കുന്നതിനായാണ് മധ്യപ്രദേശ് ലൈവ്‌സ്‌റ്റോക്ക് ആന്‍ഡ് പൗള്‍ട്രി ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ചിക്കനും പാലും ഒരേ ബൂത്തില്‍ വില്‍ക്കാനുള്ള പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഭോപ്പാലില്‍ ഒരു ബൂത്ത് തുറക്കുകയും ചെയ്തിരുന്നു.

പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നതിനായി ഒരു മാര്‍ക്കറ്റിംഗ് ഏജന്‍സിയെ നിയോഗിക്കുകയും ചെയ്തു. അതിനിടെയാണ് ബിജെപി എംഎല്‍എ പുതിയ വാദവുമായി പദ്ധതിക്ക് ഇടങ്കോലിട്ടത്.