ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നു; നടപടിയാരംഭിച്ച് കേന്ദ്രം

 | 
Transgender
ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ നടപടി

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ നടപടി. വിദ്യാഭ്യാസത്തിനും ജോലിക്കും 27 ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചിരിക്കുന്നത്. ഒബിസി വിഭാഗത്തിലായിരിക്കും ഇവരെ ഉള്‍പ്പെടുത്തുക. സാമൂഹികനീതി മന്ത്രാലയം ഇതിനായി ക്യാബിനറ്റ് നോട്ട് തയ്യാറാക്കി.

ഒബിസി പട്ടിക ഭേദഗതി ചെയ്ത് ട്രാന്‍സ്ജെന്‍ഡറുകളെ ഉള്‍പ്പെടുത്താനാണ് നോട്ടില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ 'മൂന്നാം ലിംഗ'ക്കാരായി അംഗീകരിച്ചും അവര്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്ക വിഭാഗത്തിലാണെന്നുമുള്ള സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ നടപടി. 25ഓളം മറ്റു വിഭാഗങ്ങളും ഒബിസി ലിസ്റ്റില്‍ പ്രവേശിക്കാനുള്ള കാത്തിരിപ്പിലാണ്.

ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ രാഷ്ട്രപതിയുടെ ഉത്തരവില്‍ ഭേദഗതി വരുത്തണം. അതിന് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. വിഷയത്തില്‍ പാര്‍ലമെന്റിന്റെ അംഗീകാരം വാങ്ങിയ ശേഷം രാഷ്ട്രപതിയുടെ ഉത്തരവില്‍ ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ നീക്കം. ഏറെ സങ്കീര്‍ണമായ വിഷയമായതിനാല്‍ ഉത്തര്‍പ്രദേശിലെയും പഞ്ചാബിലെയും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷമേ ഒബിസി ലിസ്റ്റ് പുതുക്കുകയുള്ളുവെന്നാണ് വിവരം.