മലേഗാവ് സ്‌ഫോടനക്കേസ്; ലെഫ്. കേണല്‍ പ്രസാദ് പുരോഹിതിനും ആറ് പ്രതികള്‍ക്കുമെതിരെ കോടതി തീവ്രവാദക്കുറ്റം ചുമത്തി
മൂംബൈ: മലേഗാവ് സ്ഫോടനക്കേസിലെ എന്.ഐ.എ കുറ്റക്കാരെന്ന് കണ്ടെത്തിയ ലെഫ്റ്റനന്റ് കേണല് പ്രസാദ് പുരോഹിതും സാധ്വി പ്രഗ്യാ ഠാക്കൂര് ഉള്പ്പെടെയുള്ള ഏഴ് പ്രതികള്ക്കെതിരെ കോടതി തീവ്രവാദക്കുറ്റം ചുമത്തി. ഗൂഢാലോചന, കൊലപാതകം തുടങ്ങിയ വകുപ്പുകള് ഉള്പ്പെടെ ചുമത്താനും മുംബൈ എന്.ഐ.എ സ്പെഷ്യല് കോടതി ഉത്തരവിട്ടിട്ടുണ്ട്. അടുത്ത മാസം 2-ാം തിയതിയാണ് കേസിന്റെ വാദം ആരംഭിക്കുന്നത്. വിധി പ്രസ്താവിക്കുന്ന സമയത്ത് എല്ലാ പ്രതികളും കോടതിയില് ഹാജരായിരുന്നു.
തീവ്രാവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് യു.എ.പി.എ നിയമപ്രകാരവും ഗൂഢാലോചന കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഐ.പി.സി വകുപ്പുകള്‍ പ്രകാരവും കുറ്റം ചുമത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ലെഫ്റ്റനന്റ് കേണല് പ്രസാദ് പുരോഹിത്, സാധ്വി പ്രഗ്യാ ഠാക്കൂര്‍, റിട്ട. മേജര്‍ രമേഷ് ഉപാധ്യായ്, അജയ് റഹിക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചക്രവര്‍ത്തി, സമീര്‍ കുല്‍ക്കര്‍ണി എന്നിവരാണ് പ്രതികള്‍. പ്രസാദ് പുരോഹിത്, സാധ്വിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാനാണ് നിര്‍ദേശം.
2008 സെപ്റ്റംബര്‍ 28നാണ് മലേഗാവ് സ്‌ഫോടനം നടക്കുന്നത്. മലേഗാവിന് സമീപത്തുള്ള ഒരു പള്ളിക്ക് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ 100ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ആറ് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കലാപം ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം ആസൂത്രണം ചെയ്തതെന്ന് നേരത്തെ എന്‍.ഐ.എ കണ്ടെത്തിയിരുന്നു.