മല്യക്കു വേണ്ടിയുള്ള ലുക്ക് ഔട്ട് നോട്ടീസില്‍ വെള്ളം ചേര്‍ത്ത പ്രമുഖനാര്? കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്

വിജയ് മല്യയുടെ തിരോധാനത്തില് കേന്ദ്രസര്ക്കാരിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി. രാജ്യം വിടുന്നതിനു മുമ്പ് ധനമന്ത്രി അരുണ് ജെയ്റ്റ്ലിയെ കണ്ടിരുന്നുവെന്ന് മല്യ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് സുബ്രഹ്മണ്യന് സ്വാമി ജൂണില് ചെയ്ത ട്വീറ്റും ലുക്ക് ഔട്ട് നോട്ടീസില് വെള്ളം ചേര്ത്ത ധനകാര്യമന്ത്രാലയത്തിലെ പ്രമുഖന് ആര് എന്ന ട്വീറ്റും ചര്ച്ചയായത്.
 | 

മല്യക്കു വേണ്ടിയുള്ള ലുക്ക് ഔട്ട് നോട്ടീസില്‍ വെള്ളം ചേര്‍ത്ത പ്രമുഖനാര്? കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്

ന്യൂഡല്‍ഹി: വിജയ് മല്യയുടെ തിരോധാനത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. രാജ്യം വിടുന്നതിനു മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്ന് മല്യ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് സുബ്രഹ്മണ്യന്‍ സ്വാമി ജൂണില്‍ ചെയ്ത ട്വീറ്റും ലുക്ക് ഔട്ട് നോട്ടീസില്‍ വെള്ളം ചേര്‍ത്ത ധനകാര്യമന്ത്രാലയത്തിലെ പ്രമുഖന്‍ ആര് എന്ന ട്വീറ്റും ചര്‍ച്ചയായത്.

ലുക്ക് ഔട്ട് നോട്ടീസില്‍ മാറ്റം വരുത്താന്‍ ശേഷിയുള്ള ശക്തനായ ഒരാളെ ഡല്‍ഹിയിലെത്തി കണ്ടതിനു ശേഷമാണ് മല്യ ഇന്ത്യ വിട്ടതെന്നായിരുന്നു ജൂണിലെ ട്വീറ്റ്. ലുക്ക് ഔട്ട് നോട്ടീസിലെ മല്യയുടെ യാത്ര തടയുക എന്നത് റിപ്പോര്‍ട്ട് ചെയ്യുക എന്നാക്കി മാറ്റാന്‍ ഈ കൂടിക്കാഴ്ചയില്‍ സാധിച്ചിരുന്നു. ഇങ്ങനെയാണ് മല്യക്ക് രാജ്യം വിടാന്‍ കഴിഞ്ഞത്. നോട്ടീസില്‍ വെള്ളം ചേര്‍ത്തത് ആരാണെന്നും സ്വാമി ട്വീറ്റില്‍ ചോദിക്കുന്നു.

ഇന്ത്യയില്‍ നിന്ന് കടക്കുന്നതിനു മുമ്പ് ഡല്‍ഹിയിലെത്തി ധനമന്ത്രിയെ കണ്ടുവെന്ന് കഴിഞ്ഞ ദിവസം മല്യ ലണ്ടനില്‍ പറഞ്ഞിരുന്നു. ഇതിനു ശേഷം സ്വാമി പുറത്തു വിട്ട ട്വീറ്റില്‍ കൂടുതല്‍ ശക്തമായ ആരോപണമാണ് ഉന്നയിക്കുന്നത്. 2015 ഒക്ടോബര്‍ 24ന് ധനകാര്യ മന്ത്രാലയത്തിലെ ഒരു ശക്തന്റെ നിര്‍ദേശപ്രകാരമാണ് ലുക്ക് ഔട്ട് നോട്ടീസ് തിരുത്തിയതെന്ന് തന്റെ അന്വേഷണത്തില്‍ മനസിലായതെന്ന് ട്വീറ്റ് പറയുന്നു.

ആരാണ് ഇതിനു പിന്നിലെന്നും സ്വാമി ചോദിക്കുന്നു. അരുണ്‍ ജെയ്റ്റ്‌ലിയുടെ പേര് ഉദ്ധരിക്കുന്നില്ലെങ്കിലും ധനമന്ത്രാലയത്തെയും ജെയ്റ്റ്‌ലിയെയും ബിജെപി സര്‍ക്കാരിനെയും ഈ ട്വീറ്റുകള്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മല്യ തന്നെ സന്ദര്‍ശിച്ചിരുന്നുവെന്ന വെളിപ്പെടുത്തല്‍ അരുണ്‍ ജെയ്റ്റ്‌ലി നിഷേധിച്ചിരുന്നു.