ബംഗാളില്‍ മമത സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ല; ഭീഷണിയുമായി ബി.ജെ.പി

ബിജെപിയുടെ വളര്ച്ച തൃണമൂലിനകത്ത് ആഭ്യന്തര പ്രശ്നങ്ങള്ക്ക് കാരണമായിട്ടുണ്ടെന്നും സംസ്ഥാനത്ത് കൂടുതല് തൃണമൂല് എംഎല്എമാര് ബിജെപിയിലേക്ക് വരുമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
 | 
ബംഗാളില്‍ മമത സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ല; ഭീഷണിയുമായി ബി.ജെ.പി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന് ബിജെപിയുടെ ഭീഷണി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കൈലാസ് വിജയ്വര്‍ഗിയയാണ് മമതയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ തൃണമൂല്‍ എം.എല്‍.എമാര്‍ കൂട്ടത്തോടെ ബി.ജെ.പിയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശവാദം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ ഭീഷണി.

ബിജെപിയുടെ വളര്‍ച്ച തൃണമൂലിനകത്ത് ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും സംസ്ഥാനത്ത് കൂടുതല്‍ തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരുമെന്നും കൈലാസ് വിജയ്വര്‍ഗിയ പറഞ്ഞു. മമത സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ല. അവരുടെ പാര്‍ട്ടി നേതാക്കളായ എംഎല്‍എമാരില്‍ വലിയൊരു ഭാഗം പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഇവര്‍ ബിജെപിയിലേക്ക് വരും. കൈലാസ് കൂട്ടിച്ചേര്‍ത്തു.

തൃണമൂല്‍ കോണ്‍ഗ്രസ് സസ്പെന്റ് ചെയ്ത നേതാവ് മുകുള്‍ റോയിയാണ് എം.എല്‍.എമാരുടെ കൂടുമാറ്റത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നാണ് സൂചന. രണ്ട് എം.എല്‍.എമാര്‍ ഇത്തരത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചിരുന്നു. കൂടുതല്‍ എം.എല്‍.എമാര്‍ ബംഗാളില്‍ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ മുന്‍സിപ്പാറ്റികളിലെ നിരവധി കൗണ്‍സിലര്‍മാരും ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്. ബി.ജെ.പി കുതിക്കച്ചവടം കളിക്കുകയാണെന്നാണ് മമത പ്രതികരിച്ചത്.

നേരത്തെ 40 തൃണമൂല്‍ എം.എല്‍.എമാരെ ബി.ജെ.പി പാളയത്തിലെത്തിക്കുമെന്ന് നരേന്ദ്ര മോദി അവകാശപ്പെട്ടിരുന്നു. ഓപ്പറേഷന്‍ താമരയും കൊണ്ട് ബംഗാളിലേക്ക് കടക്കാമെന്ന് മോദി വ്യാമോഹിക്കണ്ടെന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു. എന്നാല്‍ തൃണമൂലിന് ആശങ്കയുണ്ടാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.