വിദ്യാസാഗര്‍ പ്രതിമ നിര്‍മിക്കാനുള്ള പണം ബംഗാളിനുണ്ട്; മോദിയുടെ വാഗ്ദാനം തള്ളി മമത

കൊല്‍ക്കത്ത: ബിജെപി-തൃണമൂല് സംഘര്ഷത്തിനിടെ തകര്ക്കപ്പെട്ട വിദ്യാസാഗര് പ്രതിമ വീണ്ടും നിര്മിക്കാനുള്ള പണം ബംഗാളിന്റെ കയ്യിലുണ്ടെന്ന് മമത ബാനര്‍ജി. പ്രതിമ നിര്‍മിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം തള്ളിക്കൊണ്ടാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രതിമ നിര്‍മിക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പ്രതിമ നിര്‍മിക്കാന്‍ ബംഗാളിന്റെ കൈവശം പണമുണ്ട്.
എന്നാല്‍ 200 വര്‍ഷത്തെ പാരമ്പര്യം പ്രധാനമന്ത്രിക്ക് തിരിച്ചു നല്‍കാനാകുമോയെന്നും മമത ചോദിച്ചു. പ്രതിമ തകര്‍ത്തത് ആരാണെന്നതിന് വ്യക്തമായ തെളിവ് തങ്ങളുടെ കൈവശമുണ്ട്. എന്നിട്ടും തൃണമൂലാണ് പ്രതിമ തകര്‍ത്തതെന്നാണ് നിങ്ങള്‍ പറയുന്നത്. ഇത്രയും കള്ളം പറയുന്നതിന് മോദി അനുഭവിച്ചേ മതിയാകൂ. അരോപണങ്ങള്‍ തെളിയിച്ചില്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരുമെന്നും മമത പറഞ്ഞു.
തെരഞ്ഞെടുപ്പു കമ്മീഷനെതിരെയും മമത രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മുന്‍പ് നിഷ്പക്ഷ സ്ഥാപനമായിരുന്ന തെരഞ്ഞെടുപ്പു കമ്മീഷനെ ബിജെപിക്ക് വിറ്റുവെന്നാണ് ഇപ്പോള്‍ ജനങ്ങള്‍ പറയുന്നതെന്നും അവര്‍ പരിഹസിച്ചു.