യുവാവ് ബിസിനസ് പങ്കാളിയെ കൊന്ന് 25 കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു; പിടിക്കപ്പെടാതിരിക്കാന്‍ ഭാര്യയെയും കഴുത്തറുത്തു കൊന്നു
ഗുഡ്ഗാവ് : കടം വാങ്ങിയ പണം തിരികെ ചോദിച്ച ബിസിനസ് പങ്കാളിയെ യുവാവ് അതിക്രൂരമായി കൊലപ്പെടുത്തി. പോലീസ് പിടിക്കാതിരിക്കാന് കുറ്റക്യത്യത്തില് പങ്കാളിയായ ഭാര്യയേയും പിന്നീട് ഇയാള് കൊന്നു. ഏതാണ്ട് 10 ദിവസങ്ങള്ക്ക് മുന്പാണ് ഭാര്യയെ അജ്ഞാതര് കഴുത്തറുത്ത് കൊലപ്പെടുത്തിയതായി ഗുഡ്ഗാവ് സ്വദേശി ഹര്നേക് സിംഗ് പോലീസിനെ അറിയിക്കുന്നത്. വീട്ടിലെത്തിയ അജ്ഞാത സംഘം തന്നെയും ഭാര്യയെയും ആക്രമിച്ചെന്നും ഭാര്യ കൊല്ലപ്പെട്ടുവെന്നായിരുന്നു ഇയാള് പോലീസിനെ അറിയിച്ചത്. എന്നാല് ഫോറന്സിക് വിദഗ്ദ്ധരുള്പ്പെടുന്ന സംഘം നടത്തിയ പരിശോധനയില് മറ്റാരും സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്ന് ബോധ്യമായി.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരമായ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. തന്റെ ബിസിനസ് പങ്കാളിയായ ജസ്‌കരണ്‍ സിംഗിന്റെ കൊലപാതകം കേസില്‍ പിടിക്കപ്പെടാതിരിക്കാനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഹര്‍നേക് സിംഗ് മൊഴി നല്‍കി. ബിസിനസ് ആവശ്യങ്ങള്‍ക്കായി ഹര്‍നേക് സിങ്ങ് കൊല്ലപ്പെട്ട ജസ്‌കരണ്‍ സിങ്ങില്‍ നിന്നും 40 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഹര്‍നേക് ഒഴിഞ്ഞുമാറി. ഒക്ടോബര്‍ 14ന് ജസ്‌കരണ്‍ ഹര്‍നേകിനെ വീട്ടില്‍ ചെന്നു കണ്ടു. വാക്കു തര്‍ക്കത്തിനിടെ ഹര്‍നേകും ഭാര്യയും സുഹൃത്തും ചേര്‍ന്ന് ജസ്‌ക്കരനെ കൊന്ന് 25 കഷ്ണങ്ങളാക്കി. പിന്നീട് മൃതദേഹം ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ചു.
പോലീസ് പിടിയിലാകും മുന്‍പ് ആത്മഹത്യ ചെയ്യാമെന്നായിരുന്നു ഭാര്യയെ ഇയാള്‍ ചട്ടംകെട്ടിയിരുന്നത്. എന്നാല്‍ പിന്നീട് ഇതിന് ഭാര്യ തയ്യാറാകാതിരുന്നതോടെ വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അജ്ഞാതരുടെ ആക്രമണമുണ്ടായതായി പോലീസിനെ അറിയിക്കുന്നതിന് മുന്‍പ് ഇയാള്‍ സ്വന്തം ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കിയിരുന്നു. ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.