ബുലന്ദ്ശഹര്‍ കലാപം; ഇന്‍സ്‌പെക്ടറെ വെടിവെച്ചയാള്‍ അറസ്റ്റില്‍
ബുലന്ദ്ശഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില് പശുവിനെ കൊന്നുവെന്നാരോപിച്ച് നടന്ന കലാപത്തിനിടെ പോലീസ് ഇന്സ്പെക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പോലീസ് പിടിയിലായി. പ്രശാന്ത് നാട്ട് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച ഉച്ചയോടെ ഒളിച്ചു താമസിച്ചിരുന്ന ബുലന്ദ്ശഹര്-നോയിഡ റോഡിലെ വീട്ടില് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ അറസ്റ്റിലായ സൈനികന് കേസുമായി ബന്ധമുള്ളതായി തെളിവില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന. താനാണ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ വെടിവെച്ചതെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി യു.പി പോലീസ് അറിയിച്ചു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുകയാണ്. ബുലന്ദ്ശഹര്‍ കലാപത്തെ കുറിച്ച് കടുതല്‍ വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിക്കുമെന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു.
ഇന്‍സ്‌പെക്ടറെ കൂടാതെ പ്രദേശവാസിയായ യുവാവിനെ വെടിവെച്ചതും ഇയാള്‍ തന്നൊണെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം മാത്രമെ ഉറപ്പു പറയാനാകുവെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. ഇന്‍സ്‌പെക്ടറുടെ റിവോള്‍വര്‍ മോഷ്ടിച്ചയാളെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സുബോധ് കുമാറിന്റെ വധത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് നേരത്തെ അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നു. ഗോമാംസം കൈവശം വെച്ചുവെന്ന് ആരോപിച്ച് ദാദ്രിയില്‍ അഖ്ലാക്ക് എന്നയാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസ് ആദ്യം അന്വേഷിച്ചത് സുബോധ് കുമാറായിരുന്നു. ബജ്രംഗദളില്‍ നിന്ന് ഇന്‍സ്‌പെക്ടര്‍ക്ക് ഭീഷണിയുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.