മാനേജരുടെ കൊല; ആള്‍ദൈവം ഗുര്‍മീത് രാം റഹിം സിംഗിന്റെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും

 | 
Gurmeet
വിധിക്ക് മുന്നോടിയായി പഞ്ച്കുള ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്

മാനേജരെ കൊലപ്പെടുത്തിയ കേസില്‍ ആള്‍ദൈവം ഗുര്‍മീത് രാം റഹിം സിംഗിന്റെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. 2002ല്‍ നടന്ന കൊലപാതകത്തില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. വിധിക്ക് മുന്നോടിയായി പഞ്ച്കുള ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഗുര്‍മീത് രാം റഹീം നയിച്ചിരുന്ന ദേര സച്ചാ സൗദയുടെ മാനേജരായിരുന്ന രണ്‍ജിത് സിംഗിനെയാണ് കൊലപ്പെടുത്തിയത്. കേസില്‍ കൃഷന്‍ ലാല്‍, ജസ്ബീര്‍ സിംഗ്, അവ്താര്‍ സിംഗ്, സബ്ദില്‍ എന്നിവരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു. മറ്റൊരു പ്രതി ഒരു വര്‍ഷം മുന്‍പ് മരിച്ചു. രണ്‍ജിത് സിംഗ് കൊലക്കേസ് പഞ്ച്കുള സിബിഐ കോടതിയില്‍ നിന്ന് പഞ്ചാബിലെയോ ഹരിയാനയിലെയൊ ചണ്ഡീഗഡിലെയോ ഏതെങ്കിലും സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗുര്‍മീത് അടുത്തിടെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു.

2002ലാണ് ദേര സച്ചാ സൗദ മാനേജരായിരുന്ന രണ്‍ജിത് സിംഗിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേര ആസ്ഥാനത്ത് അനുയായികളായി എത്തുന്ന പെണ്‍കുട്ടികളെ ഗുര്‍മീത് ലൈംഗികമായി ചൂഷണം ചെയ്യുകയാണെന്ന് ഒരു ഊമക്കത്ത് പ്രചരിച്ചിരുന്നു. ഇതിന് പിന്നില്‍ രണ്‍ജിത് ആണെന്ന് കരുതിയാണ് ആള്‍ദൈവം കൊല നടത്തിയതെന്ന് സിബിഐ കുറ്റപത്രം പറയുന്നു.

ദേരയിലെ രണ്ട് പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട ഗുര്‍മീത് സിംഗ് 2017 മുതല്‍ റോഹ്തകിലെ സുനാരിയ ജയിലില്‍ കഴിയുകയാണ്. 20 വര്‍ഷത്തെ തടവാണ് ഇയാള്‍ക്ക് ലഭിച്ചത്. മാധ്യമപ്രവര്‍ത്തകനായ രാം ചന്ദര്‍ ഛത്രപതിയുടെ കൊലയില്‍ ജീവപര്യന്തം തടവും രണ്ട് വര്‍ഷം മുന്‍പ് ഇയാള്‍ക്ക് ലഭിച്ചിരുന്നു.