പ്രതിസന്ധി രൂക്ഷം; ബലേനോയ്ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് മാരുതി സുസുക്കി

ന്യൂഡല്‍ഹി: ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ ബലേനോ ആര്എസിന് വന് വിലക്കുറവ് പ്രഖ്യാപിച്ച് മാരുതി സുസുക്കി. ഒരു ലക്ഷത്തോളം രൂപയാണ് ഈ മോഡലിന് വില കുറച്ചിരിക്കുന്നത്. വാഹന മേഖല നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന്റെ ഭാഗമായാണ് നടപടി. ഈയാഴ്ച തുടക്കത്തില്‍ കമ്പനി ചില മോഡലുകള്‍ക്ക് 5000 രൂപ വരെ കുറച്ചിരുന്നു. ബലേനോ ഡീസല്‍ മോഡലിന് വില കുറച്ചിരുന്നെങ്കിലും പെട്രോള്‍ മോഡലിന്റെ വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല.
ഓള്‍ട്ടോ 800, ഓള്‍ട്ടോ കെ10, സ്വിഫ്റ്റ് ഡീസല്‍, സെലേറിയോ, ബലേനോ ഡീസല്‍, ഇഗ്നിസ്, ഡിസയര്‍ ഡീസല്‍, ടൂര്‍ എസ് ഡീസല്‍, വിറ്റാര ബ്രെസ, എസ് ക്രോസ് തുടങ്ങിയവയ്ക്കായിരുന്നു വില കുറച്ചത്. എന്നാല്‍ അപ്രതീക്ഷിതമായാണ് ബലേനോയ്ക്ക് ഇത്രയും വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. 2.93 ലക്ഷം മുതല്‍ 11.49 ലക്ഷം വരെ വിലവരുന്ന കാര്‍ മോഡലുകള്‍ക്കാണ് ആദ്യം കമ്പനി വിലക്കുറവ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഒരു ലക്ഷം രൂപ വിലക്കുറവ് പ്രഖ്യാപിച്ച ബലേനോ ആര്‍എസിന് ഡല്‍ഹിയില്‍ 7,88,913 രൂപയാണ് എക്‌സ് ഷോറൂം വില.
1.0 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് പെട്രോള്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന ‘ഹൈ-പെര്‍ഫോമന്‍സ്’ ഹാച്ച്ബാക്ക് മോഡലാണ് ബലേനോ ആര്‍എസ്. സാധാരണ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനേക്കാള്‍ 20 ശതമാനം അധികം പവര്‍ നല്‍കുന്ന എന്‍ജിനാണ് ഇത്.