ചെന്നൈയില്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ തീപ്പിടിത്തം; നൂറോളം കാറുകള്‍ കത്തിനശിച്ചു
ചെന്നൈ: ചെന്നൈയില്‍ പാര്ക്കിംഗ് ഗ്രൗണ്ടിലുണ്ടായ തീപ്പിടിത്തത്തില് നൂറിലേറെ കാറുകള് കത്തി നശിച്ചു. ശ്രീരാമചന്ദ്ര മെഡിക്കല് കോളേജിന് സമീപമാണ് സംഭവം. ഒരു സ്വകാര്യ കമ്പനി കാറുകള് പാര്ക്ക് ചെയ്തിരുന്ന സ്ഥലമാണ് ഇത്. ഒരു വര്ഷത്തിലേറെയായി പാര്ക്ക് ചെയ്തിരുന്ന കാറുകളും പുതിയ കാറുകളും തീപ്പിടിത്തത്തില് കത്തി നശിച്ചു.
ഉണങ്ങിയ പുല്ലില്‍ തീ പടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് ഫയര്‍ഫോഴ്‌സ് അറിയിക്കുന്നത്. മുന്നൂറോളം കാറുകള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ശക്തമായ കാറ്റ് തീ വ്യാപിക്കാന്‍ കാരണമായി. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. എങ്കിലും കനത്ത പുക സ്ഥലത്തു നിന്ന് ഉയരുന്നുണ്ട്.
ഇന്നലെ ബംഗളൂരുവില്‍ യെലഹങ്ക വ്യോമസേനാത്താവളത്തിലുണ്ടായ തീപ്പിടിത്തത്തില്‍ മുന്നൂറോളം കാറുകള്‍ കത്തി നശിച്ചിരുന്നു. എയ്‌റോ ഇന്ത്യ 2019 വ്യോമാഭ്യാസ പ്രകടനം കാണാനെത്തിയവരുടെ കാറുകളാണ് കത്തി നശിച്ചത്.