ലോക്‌സഭാ തെരഞ്ഞെടുപ്പില് സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് മായാവതി
ലക്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില് സ്ഥാനാര്ത്ഥിയാകാനില്ലെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ഉത്തര്പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില് ശക്തമായ സാന്നിധ്യമാകാനാണ് സ്ഥാനാര്ത്ഥിത്വം വേണ്ടെന്ന് പ്രഖ്യാപിക്കാന് കാരണമെന്നാണ് സൂചന. നിലവില് മത്സരിക്കുന്നില്ലെന്ന് തീരുമാനത്തിന് പിന്നിലെ കാരണം പാര്ട്ടിക്ക് മനസിലാകും. അഥവാ പിന്നീട് മത്സരിക്കേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കില് സ്ഥാനാര്ത്ഥിയാകുമെന്നും മയാവതി വ്യക്തമാക്കി.
ഇത്തവണ ബി.ജെ.പിയെ തകര്‍ക്കാന്‍ സമാജ് വാദി പാര്‍ട്ടിയൊട് ഒന്നിച്ചാണ് ബി.എസ്.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ തവണ ബി.ജെ.പിക്ക് ലഭിച്ച വോട്ട് ഷെയറിന്റെ കണക്ക് പരിശോധിച്ചാല്‍ ഇത്തവണ എസ്.പി-ബി.എസ്.പി സഖ്യം വലിയ മുന്നേറ്റമുണ്ടാക്കാനാണ സാധ്യത. ബി.ജെ.പിക്ക് മുന്‍കൈയുള്ള പല മണ്ഡലങ്ങളിലും എസ്.പി-ബി.എസ്.പി സഖ്യം അട്ടിമറി വിജയം നേടുമെന്ന് പ്രവചനങ്ങള്‍ വന്നു കഴിഞ്ഞു. പ്രിയങ്ക ഗാന്ധി കൂടി യു.പിയില്‍ പ്രചാരണത്തിന് എത്തുന്നതോടെ ബി.ജെ.പിയില്‍ വലിയ വോട്ടുചോര്‍ച്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കോണ്‍ഗ്രസുമായി യോജിച്ച് പ്രവര്‍ത്തിക്കേണ്ടതില്ലെന്നാണ് നിലവില്‍ എസ്.പി-ബി.എസ്.പി സഖ്യം തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കോന്ദ്രത്തില്‍ ഒരു തൂക്ക് മന്ത്രിസഭ വന്നാല്‍ എസ്.പി-ബി.എസ്.പി സഖ്യം കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനാണ് സാധ്യത. നേരത്തെ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ തകര്‍ക്കാനായാല്‍ മായാവതി പ്രധാനമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിച്ചേക്കും എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.