അക്ബറിനെതിരെ വീണ്ടും ലൈംഗിക പീഡനാരോപണം; ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചതായി അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തക
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരെ വീണ്ടും ലൈംഗികാരോപണം. അമേരിക്കയില് മാധ്യമപ്രവര്ത്തകയായി ജോലി ചെയ്യുന്ന പല്ലവി ഗൊഗോയിയാണ് അക്ബറിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. 10 വര്ഷം മുന്പ് അക്ബര് ചീഫ് എഡിറ്ററായി ജോലി ചെയ്തിരുന്നു ഏഷ്യന് ഏജില് സഹപ്രവര്ത്തകയായിരുന്നു പല്ലവി. ഈ സമയത്താണ് തനിക്കെതിരെ അക്ബര് ലൈംഗിക അതിക്രമം കാണിച്ചതെന്ന് പല്ലവി വ്യക്തമാക്കുന്നു. നേരത്തെ 12 സ്ത്രീകള് അക്ബറിനെതിരെ പീഡനാരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ഇതേതുടര്ന്നാണ് കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നത്.
താന്‍ ചെയ്തുകൊണ്ടിരുന്ന പേജിനെ അഭിനന്ദിച്ച് ഒരു ദിവസം രംഗത്ത് വന്നിരുന്നു. അന്ന് തന്നെ കടന്നുപിടിക്കുകയും ചുംബിക്കുകയും ചെയ്തു. അക്ബറിനെ തള്ളിമാറ്റി അപമാനഭാരത്താല്‍ താന്‍ ഇറങ്ങിയോടുകയായിരുന്നുവെന്ന് പല്ലവി പറഞ്ഞു. പിന്നീട് നിരവധ സന്ദര്‍ഭങ്ങളിലും സമാന അനുഭവം നേരിട്ടതായി പല്ലവി വ്യക്തമാക്കുന്നു. മാസിക പുറത്തിറക്കുന്നതിന് മുമ്പ് മുംബൈയിലെ താജ് ഹോട്ടലിലെ മുറിയിലേക്ക് തന്നെ അക്ബര്‍ വിളിച്ചുവരുത്തി. മുറിയിലെത്തിയ തന്നെ വീണ്ടും ചുംബിക്കാനാണ് അക്ബര്‍ ശ്രമിച്ചത്. എതിര്‍ക്കാന്‍ ശ്രമിച്ച തന്റെ മുഖം അക്ബര്‍ മാന്തിപ്പൊളിച്ചെന്നും കരഞ്ഞുകൊണ്ട് താന്‍ ഇറങ്ങിയോടിയെന്നും പല്ലവി പറയുന്നു.
Those before me have given me the courage to reach into the recesses of my mind and confront the monster that I escaped from decades ago. Together, our voices tell a different truth @TushitaPatel @SuparnaSharma @priyaramani @ghazalawahab
My story https://t.co/DG5dT7TEUU— Pallavi Gogoi (@pgogoi) November 1, 2018
മറ്റൊരു സന്ദര്‍ഭത്തില്‍ ജയ്പുരിലെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി. ഇത്തവണയും താന്‍ എതിര്‍ത്തെങ്കിലും അയാള്‍ തന്നേക്കാള്‍ കരുത്തനായിരുന്നു. വാക്കുകള്‍കൊണ്ടും, മാനസികമായും, ലൈംഗികമായുമുള്ള അതിക്രമങ്ങള്‍ തുടര്‍ന്നതായും പല്ലവി വ്യക്തമാക്കി. രാജ്യത്തെ നിരവധി പ്രമുഖരായ വ്യക്തികളാണ് മീടു വെളിപ്പെടുത്തലില്‍ കുടുങ്ങിയിരിക്കുന്നത്. നേരത്തെ 12 സ്ത്രീകള് അക്ബറിനെതിരെ പീഡനാരോപണം ഉന്നയിച്ചിട്ടും ബി.ജെ.പി നേതൃത്വം അദ്ദേഹത്തിന് അനുകൂലമായി പ്രതികരിച്ചിരുന്നു. എന്നാല്‍ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു.